Archive for മേയ് 2009

എന്ത് കൊണ്ട് ചര്‍ച്ച ചെയ്യാന്‍ ഭയപ്പെടുന്നു?

മേയ് 29, 2009

ചില കാര്യങ്ങള്‍ അങ്ങനെയാണ്‌. നിങ്ങള്‍ തെരുവിലിറങ്ങി വിളിച്ചുകൂവി നടന്നതുകൊണ്ടോ ലേഖനമെഴുതിയതുകൊണ്ടോ കാര്യമില്ല.
ശ്രദ്ധിക്കപ്പെടരുത് എന്ന് ചിലര്‍ തീരുമാനിച്ചാല്‍ അതങ്ങനെതന്നെ നടക്കും. കേരളത്തിലെ വ്യവസായ രംഗത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി കാണുന്ന പുതിയ ദിശാബോധം തന്നെയാണ്‌ വിഷയം.
പ്രേരകമായത് വ്യവസായ മന്ത്രി എളമരം കരീമിന്റെ ലേഖനം ജാഗ്രതയില്‍ വായിക്കാനിടയായതും.

ലോക്സഭാ തിരഞ്ഞെടുപ്പും ഫലവും വിശകലനവും ആത്മപരിശോധനയും എല്ലാം നിറഞ്ഞ് നില്‍ക്കുന്ന കാലഘട്ടത്തിലായിപ്പോയി എന്നതുകൊണ്ട് മാത്രമാണോ തുല്യതയില്ലാത്ത ഈ നേട്ടം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത്? സംശയമാണ്‌.

കേരളത്തിലെ ഒരു വ്യവസായമന്ത്രിക്കും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടമെന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം.
കോടികളുടെ ലാഭക്കണക്ക് മാത്രമല്ല ഇങ്ങനെ പറയാനുള്ള പ്രേരണ. വ്യക്തമായ ഒരു കാഴ്ച്ചപ്പാടും അതിന്റെ അടിസ്ഥാനത്തിലുള്ള പരിപാടികളുമാണ്‌ വിപ്ലവകരമായ ഈ മാറ്റത്തിന്‌ പുറകിലെ ഊര്‍ജ്ജം.  തീര്‍ച്ചയായും ഗഹനമായ പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ട വിഷയമാണിത്. പ്രത്യേകിച്ച് വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം മുതലായ അടിസ്ഥാനമേഖലകളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും സ്വകാര്യ മൂലധനത്തിന്‌ പൂര്‍ണ്ണമായും വഴിമാറിക്കൊടുക്കണമെന്നുമുള്ള മുതലാളിത്ത പ്രഘോഷണങ്ങള്‍ വേദവാക്യങ്ങളായെടുക്കുന്ന ഒരു ശ്രേഷ്ഠവിഭാഗം ഭരണകൂടങ്ങളിലും മാധ്യമ സാംസ്കാരിക രംഗങ്ങളിലും നിര്‍ണായകസ്വാധീനമുള്ള ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍. കേവലം എളമരം കരീം എന്ന വ്യക്തിയുടെ നേട്ടമെന്ന നിലയിലോ കേരള സര്‍ക്കാരിന്റെ നേട്ടമെന്ന നിലയിലോ മാത്രം ഇതിനെ ഒതുക്കി നിര്‍ത്തുന്ന കാപട്യമാണ്‌ തിരിച്ചറിയപ്പെടേണ്ടത്. ഇടത് സര്‍ക്കാറിന്റെ ഭരണ നേട്ടം തന്നെയാണെന്ന വസ്തുത ഉള്ളിന്റെയുള്ളില്‍ തിരിച്ചറിഞ്ഞാല്‍‌പ്പോലും ആ ഒരൊറ്റ കാരണംകൊണ്ടൊരു സം‌വാദത്തിന്‌ കൂട്ടാക്കാത്ത നല്ലൊരു ശതമാനം ജനങ്ങള്‍ കേരളത്തിലുണ്ടെന്ന തിരിച്ചറിവാണ്‌ സങ്കുചിതമായ തലങ്ങളില്‍ ഈ വിഷയം ഒതുക്കപ്പെട്ടത്.  പ്രത്യയശാസ്ത്രത്തിന്റെയോ രാഷ്ട്രീയ സാമ്പത്തിക നിലപാടുകളുടെയോ തലങ്ങളിലേക്ക് ഈ വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍‌ച്ചകള്‍ ഉയരാത്തതിനു പുറകിലും ഇത്തരം സ്ഥാപിത താല്പര്യങ്ങള്‍ തന്നെയാണ്‌.

ഒരുകാലത്ത് ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍‌ക്കും വിഷയമായ കേരളമോഡലിന്റെ ചില മിന്നലാട്ടങ്ങള്‍ ഈ മാറ്റങ്ങളില്‍ വ്യക്തമാണ്‌. ഇടതുപക്ഷ ആശയങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ഈ വ്യവസായ നയവും അതിന്റെ പ്രത്യക്ഷമായ വിജയവും മുഖ്യമായും രണ്ട് വാദമുഖങ്ങളെയാണ്‌ ഖണ്ഡിക്കുന്നത് – കേരളത്തിലെ ഇടതുപക്ഷം പ്രഖ്യാപിത നയങ്ങളില്‍ നിന്ന് വ്യതിചലിച്ച് പൂര്‍‍‌ണ്ണമായും വലത്തോട്ട് പോയി എന്നതാണ്‌ ആദ്യത്തേത്. (വ്യതിയാനങ്ങള്‍ ഇല്ലെന്നല്ല. പൊതുസമൂഹത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളില്‍ പലതും കമ്മ്യൂണിസ്റ്റ്കാരിലും പ്രതിഫലിക്കുന്നുണ്ട്) . ‘പഴഞ്ചന്‍’  എന്ന മുദ്രകുത്തലും, കാര്യക്ഷമത എന്നത് സ്വകാര്യ മൂലധനത്തിന്റെ മാത്രം ഉല്പ്പന്നമാണെന്നതാണ്‌ പൊളിഞ്ഞ രണ്ടാമത്തെ വാദം. ഇതു രണ്ടിന്റേയും ഉദ്ദേശം ഒന്നാണെങ്കിലും രണ്ട് വ്യത്യസ്ഥ വിഭാഗങ്ങളെ ലക്ഷ്യമാക്കിയുള്ള വാദങ്ങളാണ്‌.  അതുകൊണ്ട് തന്നെയാണ്‌ ഈ രണ്ടിന്റെയും മുനയൊടിക്കാന്‍ പ്രാപ്തിയുള്ള ദിശാബോധമുള്ള ഇത്തരം പ്രവര്‍‌ത്തനങ്ങളെ അന്ധകാരത്തിലാഴ്ത്താന്‍ സംഘടിത ശ്രമം നടക്കുന്നത്.

സര്‍‌ക്കാറിനും മന്ത്രിക്കും വകുപ്പിനും തൊഴിലാളികള്‍ക്കും ആശംസകള്‍ അര്‍പ്പിക്കുന്നതോടൊപ്പം ഒരു ആശങ്കയും പങ്കു വെയ്ക്കട്ടെ:

പുതിയതും പഴയതുമായ വ്യവസായ ശാലകള്‍ പുനര്‍ജന്മം കിട്ടി വരുമ്പോള്‍ പരിസ്ഥിതിയിലുണ്ടാക്കുന്ന ആഘാതങ്ങള്‍ കുറയ്ക്കുന്നതിനും ഉള്ളതു നേരിടുന്നതിലും പതിവ് രീതികള്‍ വിട്ട് കൂടുതല്‍ ഉത്തരവാദിത്വബോധം കമ്പനികളില്‍ നിന്ന് പ്രതീക്ഷിക്കാമോ?

Advertisements

രാജ്ദീപ് സര്‍ദേശായീ.. കഷ്ടം.. !!!

മേയ് 9, 2009

അപ്പൂപ്പന്‍ പാപ്പാനായതിന്റെ തഴമ്പ് പയ്യന്‌ കാണാതിരിക്കില്ല എന്ന് ഉറച്ച് വിശ്വസിച്ച് വാഴ്ത്തുപാട്ടുകളുമായി പത്താം ജനപഥത്തിന്റെ മതില്‍ക്കെട്ടിനു പുറത്ത് തെണ്ടിത്തിരിഞ്ഞു നടക്കുന്നത് ചില ഡൂക്കിലി ഭക്തന്മാര്‍ മാത്രമായിരിക്കുമെന്നാണ്‌ ഞാന്‍ ആദ്യം കരുതിയത്.

വില്യം രാജകുമാരന്‍ കക്കൂസില്‍ പോയാലും പോയില്ലെങ്കിലും വാര്‍ത്തയാക്കാന്‍ മല്‍സരിക്കുന്ന ലണ്ടന്‍ ടാബ്ലോയിഡുകളെ വെല്ലുന്ന ഭീകരന്മാര്‍ ഇവിടെയും ഉണ്ടെന്ന് അറിയാമായിരുന്നെങ്കിലും രാജ്ദീപ് സര്‍ദേശായി ഇത്ര അധ:പതിച്ചു എന്നത് പുതിയ അറിവാണ്‌.. (ഈ ലിങ്ക് നോക്കൂ..)

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവി ശോഭനമാണോ എന്നറിയാന്‍ രാജ്ദീപ് നടത്തിയ പരീക്ഷയില്‍ പങ്കെടുക്കുന്നത് രണ്ട് പേര്‍ മാത്രം..
നേരാങ്ങള പോരാ എന്ന തോന്നലില്‍ നിന്നാവാം കുഞുപെങ്ങള്‍ രംഗപ്രവേശം നടത്തിയത്. രംഗപ്രവേശം ഒരു പുതിയ സംഗതി അല്ല എന്ന പരമാര്‍ഥം എന്നെപ്പോലെയുള്ള തിരുമണ്ടന്മാര്‍ക്ക് അറിയില്ലല്ലോ.

കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്‌ ഒരു ഭക്തന്‍ പറഞ്ഞത്
“ചിരിക്കുമ്പോ അമ്മൂമ്മയുടെ ഒരു ഛായയില്ലേന്നൊരു…”
ഉടനേ അഭ്യസ്തവിദ്യനായ മറ്റൊരു ഭക്തന്‍
“PM Material !!!!”

അന്നു തുടങ്ങി ഇന്നോളം ആയമ്മ ശുദ്ധവായു കിട്ടാനെങ്കിലും ഒന്നു പുറത്തിറങ്ങിയാല്‍ മതി, ഭക്തരുടെ മനസ്സ് നിറയും.
“ഇതാ .. രാഷ്ട്രീയ ചക്രവാളത്തില്‍ പുത്തന്‍ സൂര്യോദയം !!!”
എന്ത് യോഗ്യതയുടെ അടിസ്ഥാനത്തിലാണ്‌ അമ്മയെയും മക്കളേയും ഇങ്ങനെ ചുമക്കുന്നത്? ഉത്തരം ലളിതം.. തഴമ്പ് തന്നെ യോഗ്യത.. കുറച്ച് കൂടെ വ്യക്തമായി പറഞ്ഞാള്‍ തഴമ്പുണ്ടാകുമെന്ന വിശ്വാസം.. ആരും പൊക്കി നോക്കിയിട്ടില്ല, ഇനിയൊട്ട് നോക്കുകയുമില്ല..
അത്രയ്ക്കുണ്ട്‌ രാജഭക്തി !!

വ്യക്തമായ സാമ്രാജിത്വാനുകൂല അജണ്ടയുള്ള രാജ്ദീപും അദ്ദേഹത്തിന്റെ ചാനലും (ഒപ്പം മറ്റു പ്രമുഖ മാധ്യമങ്ങളും) ഇന്ത്യയിലെ അര്‍ബന്‍ മധ്യവര്‍ഗ്ഗത്തിന്റെ സ്വഭാവരൂപീകരണത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്‌. നല്ല ഇംഗ്ലീഷും ആകര്‍ഷകമായ അവതരണശൈലിയും മാത്രം മതി ഇതിന്‌ കൈമുതല്‍ (പരിചയസമ്പന്നതയും അറിവും കുറച്ചുകാണുന്നില്ല). ഈ സ്വാധീനം ഉപയോഗിച്ചാണ്‌ അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തെ പത്താം ജനപഥത്തിലെ തൊഴുത്തില്‍കെട്ടി വ്യഭിചരിക്കാമെന്ന മാസ്റ്റര്‍പ്ലാനിന്റെ പ്രയോക്താവാകുന്നത്. എഴുപത്തഞ്ച് ശതമാനം വരുന്ന പാവങ്ങള്‍ക്ക് ഈ അരങ്ങുകളില്‍ പരിമിതമായ വേഷങ്ങള്‍ (ലൊക്കേഷന്‍ അറേഞ്ച്മെന്റ്!!) മാത്രമേ ഉള്ളൂ എന്ന് വ്യക്തമായി അറിയാവുന്ന ഒരാളാണ്‌ രാജ്ദീപ്. അപ്പോ പിന്നെ നാഗരിക യുവത്വത്തെ കയ്യിലെടുക്കുക എന്ന മാനേജ്മെന്റ് തന്ത്രം തന്നെയാണ്‌ പയറ്റുന്നത്. മുംബൈ ഭീകരാക്രമണത്തിനു ശേഷമുള്ള ഒന്ന് രണ്ടാഴ്ച്ചകളിലെ ഇവരുടെയൊക്കെ വേവലാതി ശ്രദ്ധിച്ചിരുന്നോ? ആസന്നമായ യുദ്ധവും യുദ്ധതന്ത്രങ്ങളും ടിവി സ്റ്റുഡിയോകള്‍ക്കുള്ളില്‍ കൊടുമ്പിരികൊള്ളുന്ന ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നു. അഫ്ഘാനിസ്ഥാനില്‍ നമ്മുടെ ആരാധനാമൂര്‍ത്തി ചെയ്തത് തന്നെയാണ്‌ നമ്മളും ചെയ്യേണ്ടതെന്ന് കഥകെട്ട അര്‍ബന്‍ മധ്യവര്‍ഗത്തെക്കൊണ്ട് പറയിപ്പിക്കാന്‍ ഒരു പരിധിവരെ വിജയിച്ചു എന്നു വേണം കരുതാന്‍.


മുഖ്യധാരാ മാധ്യമങ്ങളുടെ കോര്‍പ്പറേറ്റ് താല്പ്പര്യങ്ങളും അതിനനുസരിച്ചുള്ള നട്ടെല്ല് വളയ്ക്കലും കേരളത്തില്‍ പൊതുചര്‍ച്ചയ്ക്ക് വിധേയമായെങ്കിലും രാജ്ദീപിന്റെയും ബര്‍ഖാ ദത്തിന്റെയും സ്വാധീന മണ്ടലങ്ങളില്‍ ഈ ചര്‍ച്ച അത്രയൊന്നും നടന്നിട്ടില്ല. കേരളത്തില്‍ അതെപ്പോഴും അങ്ങനെത്തന്നെയായിരുന്നു. സാമൂഹികപ്രസക്തിയുള്ള വിഷയങ്ങള്‍ (വെറും വിവാദങ്ങളല്ല) ചര്‍ച്ച ചെയ്യുന്നത് പങ്കാളിത്തസ്വഭാവമുള്ള സാധാരണക്കാരുടെയിടയില്‍ മാത്രമാണ്‌. വാര്‍ത്താവായനക്കാര്‍ വിളമ്പുന്നതും പത്രക്കാര്‍ എഴുതുന്നതും അങ്ങനെതന്നെ വിഴുങ്ങുന്ന മധ്യവര്‍ഗ്ഗ യുവത്വം കേരളത്തിലും പ്രബലരാണെന്നിരിക്കേ രാഹുലിനും പ്രിയങ്കയ്ക്കും പരവതാനി വിരിയ്ക്കുന്ന ഈ ഏര്‍പ്പാടിനു കേരളത്തിലും ലക്ഷ്യങ്ങളുണ്ടെന്നത് മറന്നുകൂടാ.. പ്രിയങ്കയും രാഹുലും ഫ്യൂഡല്‍‌വാഴ്ച്ചയുടെയും രാജ്ദീപ് കുഴലൂത്ത്കാരുടെയും പ്രതിനിധിയായതു കൊണ്ടാണ്‌ അവരെ തിരഞ്ഞ്പിടിച്ചത്.. സച്ചിന്‍ പൈലറ്റിന്റെയും ജ്യോതിരാദിത്യ സിന്ധ്യയുടെയും അങ്ങനെ പലരുടെയും പ്രതിനിധി..