Archive for ജൂലൈ 2009

അളവുകോലുകള്‍

ജൂലൈ 26, 2009

“മണിയെത്രയായി?” എന്നു ചോദിച്ചതിനു ശേഷമാണ്‌ അയാള്‍ വാച്ച് ധരിച്ചിരുന്നില്ല എന്ന് ഞാന്‍ ശ്രദ്ധിച്ചത്. ഉത്തരത്തിന്റെ അപ്രസക്തി ഞങ്ങള്‍ രണ്ട് പേര്‍ക്കും ബോധ്യപ്പെട്ടത് കൊണ്ടാവണം ഹൃദ്യമായ ഒരു പുഞ്ചിരി മാത്രം കൈമാറി വീണ്ടും ബസ് സ്റ്റോപ്പിലെ അപരിചിതത്വത്തിലേക്ക്‌ വഴിമാറി.

അല്പം കഴിഞ്ഞ് അയാള്‍ എന്നോടു ചോദിച്ചു, “സമയം പിടികിട്ടിയോ?”
“ഇല്ല.”
“എന്തേ?”
“ഒന്നുമില്ല, നിങ്ങള്‍ക്കെങ്കിലും ഇപ്പൊ സമയം നല്ലതാണോ എന്നറിയാന്‍ ചോദിച്ചതാ..”

പിന്നീട് കുറച്ചു നേരം ഞങ്ങള്‍ സംസാരിച്ചു. പല വാചകങ്ങളും മുഴുമിപ്പിക്കാതെ അയാള്‍ നിര്‍ത്തുകയായിരുന്നു. മറ്റ് ചിലത് അര്‍ഥരഹിതവും. പക്ഷേ ഒരടുപ്പം തോന്നി. അപരിചിതര്‍ കാശ് അടിച്ചുമാറ്റിയ അനുഭവങ്ങള്‍ ഒന്നിലധികം ഉണ്ടെങ്കിലും ഒരു നിമിഷത്തേക്ക് അവയെല്ലാം മറന്ന് ഞാന്‍ അയാളോട് ചോദിച്ചു “മദ്യപിക്കുമോ?”
“ഉം”

തിരക്കിനെ മുറിച്ച് കടന്ന് എതിര്‍‌വശത്തുള്ള വോള്‍ഗ ബാറിലേക്ക് ഞങ്ങള്‍ നീങ്ങി. ഗ്ലാസ്സിലെ മൂവന്തിയെ കുറിച്ച് അയാള്‍ കുറച്ച്നേരം വാചാലനായി. ആശയത്തിന്‌ എന്‍.എസ് മാധവന് കടപ്പാടും പറഞ്ഞു. വീണ്ടും മൗനം. എന്നെ സംബന്ധിച്ചിടത്തോളം അയാള്‍ നല്ലൊരു സ്പെസിമെന്‍ ആണെന്ന് തോന്നി.

“എനിക്ക് സഹായിക്കാന്‍ കഴിയുന്നത് വല്ലതുമാണ്‌ നിങ്ങളുടെ പ്രശ്നമെങ്കില്‍…”

“ഞാന്‍ പറയാം. കാരണം നിങ്ങളോട് എന്തോ ഒരു സ്നേഹം തോന്നുന്നു.”
ഞാന്‍ പ്രോത്സാഹിപ്പിച്ചു.

“നിങ്ങള്‍ക്ക് അച്ഛനമ്മമാരുണ്ടോ?” അയാള്‍ ചോദിച്ചു.
“ഉവ്വ്.”
“എനിക്കുമുണ്ട്…    സഹോദരങ്ങള്‍?”
“ഒരേട്ടനും ഒരനിയത്തിയും.”
“എനിക്കൊരു പെങ്ങള്‍ മാത്രം. അഞ്ച് വയസ്സിനിളയത്.”

വീണ്ടും മൗനം.. ഒരു മന:ശ്ശാസ്ത്ര വിദ്യാര്‍ഥിയുടെ എല്ലാ കഴിവുകളുമുപയോഗിച്ച് ആ മൗനത്തിലൂടെ ഒരു ചാലകത്തിനായി ശ്രമിക്കുകയായിരുന്നു ഞാന്‍. അതിനിടയില്‍ അയാള്‍ വീണ്ടും ചോദിച്ചു:

“നിങ്ങള്‍ എന്തു ചെയ്യുന്നു?”

“ലെക്‌ചറാണ്. ഇവിടെ യൂണിവേര്‍സിറ്റിയില്‍.”  എന്റെ വക ഒരു അര്‍‍ധസത്യം.

“സുഹൃത്തുക്കളുണ്ടോ?”

“നിങ്ങളടക്കം ധാരാളം പേര്‍..” ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു.

“എന്നെ ഒരു സുഹൃത്തായി കരുതുന്നുവോ?” എന്റെ കയ്യില്‍ മുറുക്കിപ്പിടിച്ചുകൊണ്ട് അയാള്‍ ചോദിച്ചു. ഞാനയാളുടെ കണ്ണുകളില്‍ തന്നെ നോക്കി.
“ഒരു തരത്തിലും പിടി തരുന്നിലല്ലോ..” ഞാന്‍ മനസ്സില്‍ പറഞ്ഞു.

“എനിക്കുമുണ്ട് അച്ഛന്‍, അമ്മ, സഹോദരി, സഹപ്രവര്‍‌ത്തകര്‍, കുറേ സുഹൃത്തുക്കള്‍, അയല്‍ക്കാര്‍, ബന്ധുക്കള്‍, മറ്റ് സാമൂഹ്യ ബന്ധങ്ങള്‍, സംഘടനകള്‍, രാഷ്ട്രീയം……..      പക്ഷേ എന്റെ identity നിങ്ങളുടേത് പോലെയല്ല. എന്നെ ഒരു മകനായോ സഹോദരനായോ സുഹൃത്തായോ പൗരനായോ കാണാന്‍ അവരാരും ഒരുക്കമല്ല…  എന്റെ ചിത്രങ്ങള്‍‌ക്കും ശില്‍‌പ്പങ്ങള്‍‌ക്കു പോലും അതേ identity…” അയാള്‍ അപ്പോഴും കയ്യിലെ പിടി വിടാതെ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കുകയായിരുന്നു.

“Are you a…..?”
“A gay..” അയാള്‍ തന്നെ മുഴുമിച്ചു, “ഞാന്‍ വീണ്ടും ചോദിക്കട്ടേ, എന്നെ നിങ്ങള്‍ ഒരു സുഹൃത്തായി കരുതുന്നുവോ?”

“അത്‌.. പിന്നെ..”  അയാളുടെ നോട്ടവും കൈ പിടിച്ച രീതിയും … എനിക്കെന്തോ ആകപ്പാടെ ഒരു പന്തികേട് പോലെ തോന്നി.

കയ്യിലെ പിടിവിട്ട്, നൂറിന്റെ രണ്ട് നോട്ടുകള്‍ മേശപ്പുറത്തിട്ട് അയാള്‍ വേഗത്തില്‍ നടന്നുപോയി…

******

ഞായറാഴ്‌ച്ചയുടെ ആലസ്യത്തില്‍ നിന്ന് ഉണര്‍ന്നപ്പോഴാണ്‌ ആ എസ്.എം.എസ് കണ്ടത്.

“ചെക്ക്  യുവര്‍ ഇമെയില്‍”. ഇവന്റെ വല്ല കേസിനും സൈക്കോളജിസ്റ്റിന്റെ സഹായം വേണമായിരിക്കും.

ഉറക്കച്ചടവിനിടയില്‍ ഇമെയില്‍ വായിച്ചു..

“I need your help.. attached is a suicide note.. tell me if this gives you some clue..”
ഞാന്‍ ആ അറ്റാച്മെന്റ് തുറന്ന് വായിച്ചു..

“ഒരു പെണ്ണിന്റെ കൈ പിടിക്കുമ്പോഴോ കണ്ണില്‍ നോക്കി സംസാരിക്കുമ്പോഴോ നിങ്ങളുടെ ഉള്ളില്‍ അവളെ എങ്ങനെ bedroom ല്‍ എത്തിക്കാം എന്ന ചിന്തയായിരിക്കാം ചിലപ്പോള്‍.. പക്ഷേ എന്നെ അതേ കോലുകൊണ്ട് അളക്കരുത്. I wouldn’t have asked anything more than my identity……. നിങ്ങളത് മനസ്സിലാക്കിയിരുന്നെങ്കില്‍ ഒരു പക്ഷേ ഇതിന്റെ ആവശ്യം വരില്ലായിരുന്നു… “

Advertisements