Archive for സെപ്റ്റംബര്‍ 2009

പത്രങ്ങള്‍ വിഴുങ്ങിയ വനിതാ സം‌വരണ ബില്‍

സെപ്റ്റംബര്‍ 17, 2009

ഫോര്‍ത്ത് എസ്റ്റേറ്റിന്‌ ജനാധിപത്യത്തില്‍ അതിന്റേതായ സ്ഥാനമുണ്ട്. അതിന്റെ പ്രാധാന്യം സമൂഹം മനസ്സിലക്കിയതു കൊണ്ട് തന്നെയാണ്‌ അടിച്ചമര്‍ത്തല്‍ ശ്രമങ്ങള്‍ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റാറുള്ളതും അതിശക്തമായ പ്രതിഷേധം ഉയര്‍ന്നു വരാറുള്ളതും. അടിയന്തരാവസ്ഥയും സെന്‍സര്‍ഷിപ്പുമെല്ലാം നീറുന്ന ഓര്‍മ്മകളായി ഇന്നും പ്രസക്തമാണ്‌. ഇത്രയും പറയുന്നത് മാധ്യമ മേഖലയ്ക്ക് സമൂഹം കല്പ്പിച്ചു കൊടുത്ത ഈ സ്വാതന്ത്ര്യം ചില മുന്‍‌വിധികളുടെ അടിസ്ഥാനത്തിലാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും ഓര്‍മ്മപ്പെടുത്താനാണ്‌.
ജനപക്ഷ ചിന്തയുടെയും നിഷ്പക്ഷതയുടെയും അന്ത:സത്ത കലര്‍പ്പ് കലരാതെ സൂക്ഷിക്കും എന്ന മുന്‍‌വിധി.

2009 സെപ്റ്റംബര്‍ 16നു കേരള നിയമസഭ സുപ്രധാനമായ ഒരു ബില്‍ പാസാക്കി നിയമമാക്കി. ഇതിന്റെ പ്രാധാന്യം അറിയാത്തതു കൊണ്ടല്ല നമ്മുടെ പല ‘നിഷ്പക്ഷ’ മാധ്യമങ്ങളും ആ വാര്‍ത്ത മുക്കിയത്. 1994 ലെ പഞ്ചായത്ത് രാജ്,മുനിസിപ്പല്‍ നിയമത്തില്‍ വരുത്തിയ ഭേദഗതി റിപ്പോര്‍ട്ട് ചെയ്ത രീതി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്‌. മാതൃഭൂമിയിലോ മനോരമയിലോ മഷിയിട്ട് നോക്കിയിട്ടു പോലും ഈ വാര്‍ത്ത കാണാന്‍ കഴിഞ്ഞില്ല. (ഇനി എന്റെ അന്വേഷണത്തിന്റെ പ്രശ്നമാണെങ്കില്‍ ദയവായി ചൂണ്ടിക്കാണിക്കുക. വിനയത്തോടെ തിരുത്തുന്നതായിരിക്കും).

ദേശാഭിമാനിയും കേരള കൗമുദിയും ദീപികയും ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത എങ്ങനെ മനോരമയും മാതൃഭൂമിയും കാണാതെ പോയി? എന്റെ ഫോക്കസ് മാതൃഭൂമിയിലായിരുന്നു. തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ (ഭരണ സമിതികളിലും സ്റ്റാന്‍ഡിംഗ് കമ്മറ്റികളിലും അടക്കം) 50 ശതമാനം സ്ത്രീ സ‌ം‌വരണം നിയമത്തിലൂടെ ഉറപ്പു വരുത്തിയത് ഒരു വാര്‍ത്തയേ അല്ലേ? വിരുദ്ധാഭിപ്രായങ്ങള്‍ സ്വാഭാവികം, പക്ഷേ ഇതു എത്രയോ താഴ്ന്നു പോയി. “ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സൗകര്യമില്ല” എന്ന് ജനങ്ങളുടെ മുഖത്ത് ആട്ടുന്ന രീതിയാണിത്.

മാതൃഭൂമിയുടെ ഇരട്ടത്താപ്പിന്‌ ചില സാക്ഷ്യങ്ങള്‍:

ആഗസ്റ്റ് മാസം 27ന്‌ ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് ഇവിടെ. കേന്ദ്ര സര്‍ക്കാര്‍ സമാന സ്വഭാവമുള്ള ബില്ലിന്‌ അംഗീകാരം നല്‍കിയതാണ്‌ വാര്‍ത്ത. അപ്പോ വാര്‍ത്ത കൊടുക്കാം, സര്‍ക്കാരാണ്‌ അഥവാ ഭരണകക്ഷിയാണ്‌ പ്രശ്നം.

കേരള നിയമസഭ കഴിഞ്ഞ ദിവസം പാസാക്കിയ ബില്ലിനെക്കുറിച്ചുള്ള വാര്‍ത്ത മാതൃഭൂമിയുടെ ഇംഗ്ലീഷ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി എന്നത് രസകരമായ മറ്റൊരു വസ്തുത. ഇതാ ലിങ്ക്.
(വെറും ” കണ്‌ട്രികളായ മലയാളീസ് ” ഇംഗ്ലീഷ് എഡിഷന്‍ വായിക്കില്ല എന്നു വീരന്‍ കരുതിയോ ആവോ !!)

അറിയാനുള്ള അവകാശം നിഷേധിക്കുന്ന ഈ കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ ഇത്തരം സമീപനങ്ങള്‍ ചോദ്യം ചെയ്യാന്‍ പാടില്ലേ?

Advertisements

കുടുംബവാഴ്ച – പുതിയ എപ്പിസോഡ്

സെപ്റ്റംബര്‍ 4, 2009

അങ്ങനെ വീണ്ടും ഇതാ മറ്റൊരു മകന്‍ കൂടി. ആന്ധ്രാ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജഗന്മോഹന്‍ റെഡ്ഡിയെ ‘നിര്‍ബന്ധി’ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായി വാര്‍ത്തകള്‍ വരുന്നുണ്ട്. എത്ര ആലോചിചിട്ടും കോണ്‍ഗ്രസ്സിന്റെ ഈ അസുഖം മനസ്സിലാവുന്നില്ല. എസ്.പി, എന്‍.സി.പി, ടി.ഡി.പി, ജനതാ ദളുകള്‍ (യു ഒഴിച്ച്), നാഷണല്‍ കോണ്‍ഗ്രസ്, ശിവസേന, ഡി.എം.കെ, ഒരു പരിധി വരെ ബി.ജെ.പിയിലും ബന്ധുരാഷ്ട്രീയത്തിന്റെ അതിപ്രസരമുണ്ടെന്ന വസ്തുത മറക്കുന്നില്ല. ഈ പട്ടികയിലെ മിക്ക പാര്‍ട്ടികളുടെയും അസ്ഥിത്വം തന്നെ ഒന്നോ രണ്ടോ വ്യക്തികളെ ചുറ്റിപറ്റിയാണ്‌ എന്നതാവാം കാരണം. കോണ്‍ഗ്രസ്സിന്റെ നിലനില്പ് നെഹ്രു-ഗാന്ധി കുടുംബത്തിന്റെ അടുക്കളഭാഗത്ത് തന്നെയാണ് എന്നതും ഒരു വസ്തുതയാണ്‌. നട്ടെല്ല് ജന്മനാ ഇല്ലാതായാല്‍ പറഞ്ഞിട്ട് കാര്യമില്ല.

പക്ഷേ ഇവിടെ കാര്യങ്ങള്‍ അത്ര നിസ്സാരമല്ല. ഏതൊരു നേതാവ് അകാലത്തില്‍ മരിച്ചാലും കുടുംബാംഗങ്ങള്‍ അധികാരത്തില്‍ അവരോധിക്കപ്പെടണം എന്ന എഴുതപ്പെടാത്ത നിയമം എങ്ങനെ നടപ്പാക്കപ്പെടുന്നു എന്നത് പൊതു ചര്‍ച്ചയ്ക്ക് വിധേയമാകേണ്ട വിഷയമാണ്‌. സര്‍ക്കാര്‍ സര്‍‌വീസിലിരുന്ന് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു ജോലി കിട്ടാന്‍ ഈ നാട്ടില്‍ എത്ര ഫയലുകള്‍ പൊക്കണമെന്നും എത്ര പേരെ കാണണമെന്നും ആലോചിച്ചാല്‍ തന്നെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന ലാഘവബുദ്ധി എത്ര മാത്രം അപഹാസ്യമാണെന്ന് മനസ്സിലാകാന്‍.

ജഗന്മോഹന്‍ റെഡ്ഡി ഇതാദ്യത്തെ ഉദാഹരണമല്ലല്ലോ. വിമാനം ഓടിച്ചു നടന്ന ആളെ പിടിച്ച് പ്രധാനമന്ത്രി ആക്കിയ ടീമല്ലേ.. രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ രംഗപ്രവേശം സഞയ് ഗാന്ധിയുടെ മരണത്തോടെയായിരുന്നു (1980). ‘നിര്‍ബന്ധം’ തന്നെയായിരുന്നു കാരണം. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ വധിക്കപ്പെട്ട ഒഴിവിലേക്ക് പ്രധാനമന്ത്രിയായി ‘നിയോഗം’. ഇവിടെയും ‘നിര്‍ബന്ധം’ പ്രധാന പങ്ക് വഹിച്ചിരുന്നു. നിര്‍ബന്ധത്തിന്റെ മറ്റ് ഉദാഹരണങ്ങള്‍ സോണിയ ഗാന്ധിയുടെ കാര്യത്തിലും രാഹുലിന്റെ കാര്യത്തിലും നാം കണ്ടതുമാണല്ലോ. (പ്രിയങ്കയെ പലരും ചേര്‍ന്ന് ഒരുപാട് നിര്‍ബന്ധിക്കുന്നണ്ട്.. എന്തു ചെയ്യാന്‍ ആയമ്മ ‘ഇതുവരെ’ വഴങ്ങിയിട്ടില്ല).

തിരിച്ച് പ്രധാന വിഷയത്തിലേക്ക് വരാം. ഇവിടെ നിര്‍ബന്ധിക്കുന്നവര്‍ ആരാണ്‌? ഇത്തരം കുടുംബവാഴ്ച്ചകള്‍ എന്തുകൊണ്ടാണ്‌ ശക്തമായി എതിര്‍ക്കപ്പെടാത്തത്? മാധവറാവു സിന്ധ്യയ്ക്ക് ജ്യോതിരാദിത്യയും രാജേഷ് പൈലറ്റിന്‌ സച്ചിനും സുനില്‍ദത്തിന്‌ പ്രിയാദത്തും പകരക്കാരാകുന്നതിന്റെ യുക്തി അന്വേഷിച്ച് വെറുതേ സമയം കളയുന്നതില്‍ കാര്യമില്ല. യാതൊരു യുക്തിയുമില്ല എന്നത് തന്നെ കാരണം. ആരുടെയൊക്കെയോ താല്പര്യങ്ങള്‍ ആണ് ഇതിന്റെ പുറകില്‍ എന്ന സംശയത്തിലേക്കാണ്‌ ചരിത്രം വിരല്‍ചൂണ്ടുന്നത്. ഒരു കോക്കസിന്റെ നിയന്ത്രണത്തിലാണ്‌ കോണ്‍ഗ്രസ് പാര്‍ട്ടി. അതിന്റെ political interface മാത്രമാണ്‌ സോണിയാഗാന്ധി. അതുപോലെയാകണമെന്നില്ല ആന്ധ്രയിലെ കാര്യം. എന്നാലും ‘നിര്‍ബന്ധ ബുദ്ധി’ കളുടെ ശല്യം അവിടേയും കൂടുതലാണ്‌.

അപകടമരണത്തിന്റെ പശ്ഛാത്തലത്തിലാവുമ്പോള്‍ അധികമാരാലും എതിര്‍ക്കപ്പെടാതെ സ്ഥാനരോഹണം നടക്കുന്നു. അതുകൊണ്ട് തന്നെ രാജശേഖര റെഡ്ഡിയുടെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നതോടൊപ്പം dynasty politicsന്റെ പുതിയ ഒരേട് കൂടി ഇന്ത്യക്ക് സമ്മാനിച്ച കോണ്‍ഗ്രസ്സിന്റെ മഹത്തായ പാരമ്പര്യത്തിന്റെ മുന്‍പില്‍ നമിക്കുന്നു.. (ഇതെല്ലാം കണ്ടോണ്ടിരിക്കുന്ന കോണ്‍ഗ്രസ്സുകാരേ.. കഷ്ടം..)