Archive for ഡിസംബര്‍ 2009

മാംഗല്യം തന്തുണാനേനഃ മമജീവന ഹേതുനാഃ

ഡിസംബര്‍ 31, 2009
കേരളത്തിനും കേരളീയര്‍ക്കും പൊതുവായ ഒരുപാടു പ്രശ്നങ്ങളുണ്ട്‌. അതില്‍ പലതും വെവ്വേറെ ചര്‍ച്ച ചെയ്യപ്പെടാറുമുണ്ട്. ഇതില്‍ പലതും കേരളീയരുടെ മാത്രം പ്രത്യേകതയല്ല എന്നത് “കേരളാ ബാഷിംഗ്” ഒരു ഹരമാക്കി മാറ്റിയ, അന്യ സംസ്ഥാനങ്ങളിലെ വന്‍ നഗരങ്ങള്‍ മാത്രം കണ്ട് പരിചയിച്ച NRK സൗകര്യപൂര്‍‌വം മറക്കാറാണ്‌ പതിവ്. ഇവിടെ പരാമര്‍ശിക്കപ്പെടുന്ന സാമൂഹിക പ്രശ്നങ്ങള്‍ കേരളത്തിന്റെ മാത്രം സവിശേഷതയല്ല എന്ന നിലപാട് ആദ്യം തന്നെ വ്യക്തമാക്കട്ടെ.

ജാതീയമായ ഉച്ചനീചത്വങ്ങള്‍, തറവാടിത്ത ഘോഷണം, സ്ത്രീധനം, അമിതമായ മദ്യാസക്തി, പൊങ്ങച്ചം, കാപട്യം,..   എന്നിങ്ങനെ ഒരു നീണ്ട പട്ടിക തന്നെ നിരത്താന്‍ എളുപ്പത്തില്‍ സാധിക്കും. പക്ഷേ രസകരമായ ഒരു കാര്യം ഇതിന്റെയെല്ലാം ഒരു “കോണ്‍ഫെഡറേഷന്‍” എന്ന് വിശേഷിപ്പിക്കാവുന്നത് പലരും അതിപവിത്രമായി കാണുന്ന വിവാഹ മാമാങ്കങ്ങളെയാണ്‌ എന്നതാണ്‌. നേരത്തെ പറഞ്ഞ എല്ലാ ‘കഴിവുകളും’ പ്രായോഗിക ജീവിതത്തില്‍ എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ ഒരു മത്സരമാണ്‌ ഇപ്പൊ വിവാഹങ്ങള്‍. ഒരു ആണും പെണ്ണും ഒരുമിച്ചുള്ള ജീവിതം തുടങ്ങുന്നത് ചില ചടങ്ങുകളുടെയും വിരുന്നിന്റെയും അകമ്പടിയോട് കൂടിയാകുന്നത് മഹാപാപമെന്നല്ല പറഞ്ഞു വരുന്നത്. ആ അവസരം
എങ്ങനെ സകലമാന കാപട്യത്തിന്റെയും പരീക്ഷണശാലയാകുന്നു എന്നും സ്വതന്ത്രമായി ചിന്തിക്കാനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഉണ്ടോ എന്നും ഉണ്ടെങ്കില്‍ എന്തുകൊണ്ട് വേറിട്ട ചിന്തകള്‍ വരുന്നില്ല എന്നതുമാണ്‌ പ്രശ്നം.

ലോകം ഇങ്ങനെ കൈക്കുമ്പിളില്‍ വെച്ച് അമ്മാനമാടി എവിടെയെങ്കിലും ഒരു ചെറു വിരലനങ്ങിയാല്‍ പോലും അത് ഞാന്‍ അറിയുമെന്ന് വീമ്പടിച്ച് നടക്കുന്ന “ഹൈ ക്ലാസ്” മലയാളി പോലും കല്യാണം എന്ന് കേള്‍ക്കുമ്പോ ഒരു മടിയും സങ്കോചവും കൂടാതെ, ഒരു ഫൈന്‍ ഫ്ലാഷ് ബാക്ക് എന്ന പോലെ, നിന്ന നില്‍‌പില്‍ ഒരു നൂറ്റമ്പത് വര്‍ഷം പുറകോട്ട് പോകും. എന്നിട്ട് ജാതീയതയ്ക്ക് മുന്നില്‍ സാഷ്ടാംഗം നമസ്കരിച്ച്, ചിന്തേരിട്ട് മിനുക്കിസൂക്ഷിക്കുന്ന ആ പഴയ അളവുകോല്‍ പുറത്തെടുക്കും. അതില്‍ വ്യവസ്ഥിതി പണ്ട് നാരായം കൊണ്ട് കുത്തിവരച്ച വലുപ്പച്ചെറുപ്പങ്ങളുടെ അടയാളങ്ങള്‍ കാണാം. അതുകൊണ്ട് ഭാവി വധുവിന്റെ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ കിളരം അളന്നെടുക്കുന്ന പ്രക്രിയയില്‍ സജീവ സാന്നിധ്യമായി തിളങ്ങുന്ന വസ്ത്രം ധരിച്ച് അങ്ങനെ നില്‍ക്കും. അവര്‍ അതില്‍ അഭിമാനം കൊള്ളുന്നു എന്നത് അതിലേറെ രസകരം. തന്റെ സുഹൃത്തുക്കളായ അന്യദേശക്കാര്‍ക്ക് അവന്‍ ജാതിവ്യവസ്ഥയിലെ തന്റെ താരതമ്യേന ഉയര്‍ന്ന സ്ഥാനം വിശദീകരിച്ചു കൊടുക്കും. “തിയ്യത്തികളെ ഇപ്പോ അരയ്ക്കാനൊന്നും കിട്ടുന്നില്ല” എന്ന് തങ്ങളുടെ സ്വകാര്യവേദികളില്‍ പരാതിപറയുന്ന ‘ഉന്നതകുലജാത’കളെ എന്റെ നാട്ടിലൊക്കെ ഇന്നും കാണാം.

ജാതിചിന്തയുടെ അടുത്തപടിയായി കല്യാണവേദികളില്‍ ഒരട്ടഹാസമായി ഉയര്‍ന്ന് കേല്‍ക്കുന്നതാണ്‌ തറവാട്ട് മഹിമയുടെ വര്‍‌ണന. എം.എന്‍ വിജയന്‍ മാഷിന്റെ അഭിപ്രായത്തില്‍ മലയാളിയുടെ ഇടയിലുള്ള ഏറ്റവും കൊടിയ സാമൂഹികവിപത്ത് തറവാടിത്ത ഘോഷണമാണ്‌. “കൊല്ലും കൊലയുമുണ്ടായിരുന്ന തറവാട്” എന്നൊക്കെ പറയുമ്പോള്‍ അഭിമാനപൂരിതമാകുന്ന അന്തരംഗങ്ങള്‍ ഇന്നത്തെ യുവാക്കള്‍ക്കിടയില്‍ ഒട്ടേറെ ഉണ്ടെന്ന് അതിശയോക്തി കലരാതെ പറയാന്‍ കഴിയും. പ്രേമാഭ്യര്‍ഥന നടത്തുന്നതിനു മുന്‍പായി തറവാട്ട് മഹിമ അന്വേഷിക്കുന്ന ഒരു കൗമാരം സാധാരണയാണ്‌. ഈ ‘മഹിമ’യുടെ പിന്നാമ്പുറ കഥകള്‍ അറിയണമെങ്കില്‍ നാടിന്റെ ചരിത്രം അല്പമൊന്ന് മനസ്സിലാക്കിയാല്‍ മതിയാകും.
മരുമകന്റെ കല്യാണത്തിനു പോയ ഒരു കാരണവരെ കൂട്ടാതെ ബസ് തിരിച്ചു പോയ ഒരു സംഭവം ഉണ്ടായിരുന്നു എന്റെ നാട്ടില്‍. സദ്യ ഉണ്ടശേഷം പെണ്ണിന്റെ വീട്ടുവളപ്പിലെ തെങ്ങിന്റെ കണക്കെടുക്കാന്‍ പോയതായിരുന്നു അദ്ദ്യേം. ചില്ലറ രൂപമാറ്റ്ങ്ങള്‍ ഉണ്ടെങ്കിലും ഇന്ന് ചെറുപ്പകാര്‍ പോലും പെണ്‍‌വീട്ടുകാരുടെ സാമ്പത്തിക സ്ഥിതിയില്‍ തല്പരരാണ്.
“എത്ര സ്ത്രീധനം കിട്ടി അളിയാ” എന്ന ചോദ്യത്തിന്‌ “പത്തു ലക്ഷം” എന്ന് മറുപടി പറയുന്നവന്റെ മുഖത്തുനോക്കി “സ്ത്രീധനം വാങ്ങാന്‍ നാണമില്ലല്ലോടാ നിനക്ക്” എന്ന് പറയാനുള്ള ആര്‍ജ്ജവം ഇന്ന് ഒരു ശരാശരി മലയാളി യുവാവിനില്ല. അങ്ങനെ സ്ത്രീധനത്തിനും മാന്യത കല്പിച്ചുകൊടുത്തിരിക്കുന്നു.. പോരാത്തതിനു ഡൗറി എന്ന ഓമനപ്പേരും!!! നമ്മുടെ വിവാഹ വേളകളില്‍ സജീവ സാന്നിധ്യമായ മറ്റൊരു വിപത്താണ്‌ ഈ ‘വിലയിടല്‍’.

പൊങ്ങച്ചമാണ്‌ അടുത്തത്. നടക്കുന്ന ജ്വല്ലറിക്കട എന്ന പോലെ “സര്‍‌വാഭരണവിഭൂഷിതയായ മകള്‍”  എന്ന മാതാപിതാക്കളുടെ മോഹം മനസ്സിലാക്കാം – പഴയ ചിന്ത, പഴയ രീതി എന്ന് സമാധാനിക്കാം. പക്ഷേ അതിനെതിരെ നെറ്റിചുളിച്ച് പോലും വിയോജിപ്പ് പ്രകടിപ്പിക്കാത്ത യുവത്വം ‘പ്രബുദ്ധത’യുടെ ഭാവി വാഗ്ദാനങ്ങള്‍ തന്നെ!! കെട്ടിയൊരുക്കി സ്റ്റേജില്‍ നിര്‍ത്തി വരുന്നവര്‍ക്കു കൈ കൊടുത്ത് അവരുടെ കൂടെ ഫോട്ടോ എടുക്കുക എന്ന യാന്ത്രികവും കാപട്യം നിറഞ്ഞതുമായ പ്രക്രിയ ആരോ എങ്ങോ തുടങ്ങിവെച്ചതാണെന്ന തിരിച്ചറിവില്ലാത്തതും അത് അങ്ങനെ തന്നെ തുടരേണ്ടതുണ്ടോ എന്ന ചോദ്യം പരസ്പരം ചോദിക്കാത്തതും ആണ്‌ പ്രശ്നം.
“കാപട്യത്തിന്റെ വേദപുസ്തകത്തില്‍” വിവാഹത്തിനു പ്രത്യേക സ്ഥാനമുണ്ട്. വെളുക്കെയുള്ള ചിരിയും, വേനല്‍ച്ചൂടിലെ കോട്ടിട്ട് നില്‍‌പ്പും, അടിസ്ഥാനരഹിതമായ ചില ആചാരങ്ങളും, ബൊക്കെ കൈമാറ്റം പോലെയുള്ള ചിരിപ്പിക്കുന്ന ചില ‘മനോഹരമായ ആചാരങ്ങളും’ എല്ലാം കൂടെച്ചേര്‍ന്ന് പൊങ്ങച്ചത്തിന്‌ കാപട്യത്തിലുണ്ടായതു പോലെയാണ്‌ ഇന്ന് നമ്മുടെ കല്യാണ ചടങ്ങുകള്‍..
ഈ പറഞ്ഞതിന്റെയൊക്കെ ഒരു രത്ന ചുരുക്കം:
“മുന്‍പേ നടന്ന ഗോക്കള്‍” അങ്ങനെ പലതും ചെയ്തിട്ടുണ്ടാവും , എന്നു വെച്ച് നമ്മളെന്തിനാണ്‌ ഹേ അതൊക്കെ അങ്ങനെ തന്നെ പിന്തുടരുന്നത്? അഥവാ “പിന്‍പേ ഗമിക്കുന്നത്”? ഒന്നു മാറി ചിന്തിച്ചുകൂടെ? അല്ല, എന്താ പ്രശ്നംന്ന് നോക്കാല്ലോ…!!

Add to FacebookAdd to DiggAdd to Del.icio.usAdd to StumbleuponAdd to RedditAdd to BlinklistAdd to TwitterAdd to TechnoratiAdd to Yahoo BuzzAdd to Newsvine

Advertisements

കോപ്പന്‍‌ഹേഗന്‍ വിരല്‍ ചൂണ്ടുന്നത്

ഡിസംബര്‍ 7, 2009

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച്  ഒരു ധാരണ ഉണ്ടാക്കാമെന്ന പ്രതീക്ഷയില്‍ ലോകരാഷ്ട്രങ്ങള്‍ കോപ്പന്‍‌ഹേഗനില്‍ സമ്മേളിക്കുന്നു. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന സമ്മേളനം തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി ലോകമെമ്പാടും നടക്കുന്ന ചര്‍ച്ചകളുടെയും അതു വഴി ഉരുത്തിരിഞ്ഞു വരുന്ന ധാരണകളുടെയും ഒരു സ്റ്റേജ് പെര്‍ഫൊര്‍മന്‍‍സായിരിക്കും അവിടെ മിക്കവാറും നടക്കുക. അതിനാല്‍ തന്നെ സമ്മേളനത്തിന്റെ അവസാനം ആരും അത്ഭുതങ്ങള്‍ ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല.

അരപ്പട്ടിണിയും അരക്ഷിതാവസ്ഥയും വ്യവസ്ഥിയിന്മേല്‍ വര്‍ധിച്ചു വരുന്ന അവിശ്വാസവും അസന്തുലിതമായ സാമ്പത്തിക വളര്‍ച്ചയുടെ ഉപോല്പ്പന്നമെന്നോണം സം‌ഭവിക്കുന്ന പാര്‍ശ്വവല്‍ക്കരണവും എല്ലാം ചേര്‍ന്ന് ഒരു വല്ലാത്ത അവസ്ഥയില്‍ എത്തി നില്‍ക്കുന്ന പാവങ്ങളുടെ പേരിലായിരിക്കും നമ്മുടെ പ്രതിനിധികള്‍ കോപ്പന്‍‌ഹേഗനില്‍ വാദഗതികള്‍ നിരത്തുക എന്ന് പ്രതീക്ഷിക്കാം. അതേ സമയം പടിഞ്ഞാറിന്റെ മുന്‍പില്‍ മുട്ടിടിക്കുന്ന ഒരു രാഷ്ട്രീയ നേതൃത്വം ഒട്ടേറെ ആശങ്കകള്‍ ഉയര്‍ത്തുന്നു. സമീപകാലത്ത് ഇന്ത്യന്‍ നിലപാടുകളില്‍ വന്ന ചാഞാട്ടമാണ്‌ ഇത്തരം ആശങ്കകളുടെ മുഖ്യ നിദാനം.

ശാസ്ത്ര ലോകത്ത് ഇന്നും തുടരുന്ന ചില പ്രതിവാദങ്ങള്‍ ഒഴിച്ചാല്‍, ഔദ്യോഗിക തലത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെ പറ്റിയും അതിന്റെ പ്രശ്നങ്ങളെ പറ്റിയും നല്ല അവബോധം വന്നിട്ടുണ്ട്. വികസിത രാജ്യങ്ങള്‍ ചരിത്ര പരമായ ഉത്തരവാദിത്വം കണക്കിലെടുക്കുകയും ഭൂമിയുടെ മൊത്തം താല്പര്യം മുന്‍‌നിര്‍ത്തി സാങ്കേതിക വിദ്യയുടെ ലഭ്യത (ബൗദ്ധിക സ്വത്തവകാശത്തിന്റെ ചതിക്കുഴികളില്ലാതെ) ഉറപ്പു വരുത്തുകയും സമ്പത്തിക നിധി രൂപീകരിക്കുകയും ചെയ്താല്‍ മാത്രമേ പ്രത്യാശയ്ക്കു വകയുള്ളൂ. ഇന്ത്യയുടെയും ഈ രാജ്യം നേതൃത്വം കൊടുക്കുന്ന ഒരു ചേരിയുടെയും ഈ പ്രഖ്യാപിത നിലപാടില്‍ ജയറാം രമേഷും കൂട്ടരും എത്ര മാത്രം വെള്ളം ചേര്‍ക്കും എന്നതാണ്‌ ഇനിയുള്ള ദിവസങ്ങളില്‍ കാത്തിരുന്നു കാണേണ്ടത്.

നിലവിലുള്ള രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ക്രമങ്ങള്‍ പാടെ മാറ്റിമറിക്കുന്ന രീതിയിലുള്ള ഒരു മാറിചിന്തിക്കല്‍ ഇല്ലെങ്കില്‍ ആഗോളതാപനം എന്ന പ്രശ്നം അപരിഹാര്യമായി അങ്ങനെ തന്നെ കിടക്കും. മറ്റൊരു പോംവഴി ആഘാതം പരമാവധി കുറയ്ക്കുക എന്നതാണ്‌. ഇതു തന്നെയായിരിക്കണം കോപ്പന്‍‌ഹേഗനില്‍ പത്ത് ദിവസം നടക്കുന്ന വാദപ്രതിവാദങ്ങളില്‍ പങ്കെടുക്കുന്നവരുടെയും ഉള്ളിലിരിപ്പ്, പുറത്ത് പറയുന്നില്ലെങ്കിലും.

1 + (-1) = 0  എന്ന രീതിയിലുള്ള കാര്‍ബ്ബണ്‍ വിപണന രീതികളിലൂടെ തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് തലയൂരാനുള്ള വികസിത ലോകത്തിന്റെ ശ്രമം ആതിഥേയരായ ഡെന്മാര്‍ക്കിന്റെ നിര്‍ദ്ദേശങ്ങളിലൂടെ വെളിവാക്കപ്പെട്ടു. ഈ കുരുക്കില്‍ നമ്മളും വീഴുമോ എന്നു ഉറപ്പിച്ചു പറയാന്‍ ഇനിയും കാത്തിരിക്കണം.  ഇതു വരെ കൂടെ നിന്ന ഒരു ബ്ലോക്കിനെ വഞ്ചിച്ച് ജി-20 ല്‍ ചേരുന്നതായിരിക്കും നമ്മുടെ ‘നിലവാര’ത്തിന്‌ ചേര്‍ന്നത് എന്ന് ജയറാം രമേഷ് മന്മോഹന്‍ സിങിന്റെ ചെവിയില്‍ ഓതിയ വാര്‍ത്ത ഈയിടെ പുറത്തു വന്നതാണല്ലോ. ഇതിന്റെ കൂടെ വായിക്കേണ്ട മറ്റൊരു വസ്തുതയുണ്ട് – അമേരിക്കന്‍ ഇന്ത്യക്കാരായ കുറേ ശാസ്ത്രജ്ഞര്‍  തുടര്‍ച്ചയായി ലേഖനങ്ങളും, സെമിനാറുകളും ഒക്കെ വഴി ഇന്ത്യയുടെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ കൊണ്ടു പിടിച്ച ശ്രമം നടത്തിയിരുന്നു.

ദീര്‍ഘവീക്ഷണത്തോടെയുള്ള ചില ചുവടുകള്‍ സര്‍ക്കാര്‍ കൈക്കൊണ്ടു എന്നത് വിസ്മരിക്കുന്നില്ല. എട്ട് കാലാവസ്ഥാ മിഷനുകള്‍ പ്രഖ്യാപിച്ച് അവയില്‍ രണ്ടെണ്ണം ഇതിനകം പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. അതിശക്തമായ ബോധവല്‍ക്കരണ യജ്ഞമാണ്‌ ഇതിന്റെ അടുത്തപടിയായി വേണ്ടത്. ഇവിടെയാണ്‌ ഭരണകൂടത്തിന്റെ ദിശാബോധവും ഇഛാശക്തിയും പരീക്ഷിക്കപ്പെടുക. ഈ വെല്ലുവിളി എത്ര മാത്രം അത്മാര്‍ഥമായി ഏറ്റെടുക്കുവാന്‍ നമുക്കു കഴിയുന്നു എന്നതിനനുസരിച്ചിരിക്കും ഇനി വരുന്ന നാളുകളില്‍ ലോക ക്രമത്തില്‍ നമ്മുടെ സ്ഥാനം. അല്ലാതെ സുരക്ഷാ സമിതിയിലെ സ്ഥിരാംഗത്വം ഉണ്ടോ ഇല്ലയോ എന്ന് നോക്കിയായിരിക്കില്ല.