കര്‍ഷകര്‍ തുലയട്ടെ!! മോണ്‍സാന്റോകള്‍ വാഴ്ക!!


ജനുവരി 25 ലെ ‘ദി ഹിന്ദു’ എഡിറ്റ്‌ പേജില്‍ പി.സായ്നാഥ് കര്‍ഷക ആത്മഹത്യയെക്കുറിച്ച് എഴുതിയിരിക്കുന്നു. കഴിഞ്ഞ 12 വര്‍ഷത്തെ ‘വളര്‍ച്ച’ – രണ്ടുലക്ഷം കര്‍ഷകരുടെ ആത്മഹത്യ!!!
കഴിഞ്ഞ രണ്ടര വര്‍ഷത്തെ കണക്കില്‍ അന്‍പതിനായിരം കര്‍ഷകര്‍ കീടനാശിനിയിലും നാലുമുഴം കയറിലും തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചു. അതായത്‌ ദിനംപ്രതി 65 ഓളം !!!!
അതെ, ഞാനിതെഴുതുമ്പോഴും നിങ്ങള്‍ വായിക്കുമ്പോഴും ആരൊക്കെയോ എവിടെയൊക്കെയോ ജിവിതം അവസാനിപ്പിക്കുകയായിരിക്കും. നിരാലംബരായ ഒരു കുടുംബവും എടുത്താല്‍ പൊങ്ങാത്ത കടവും ബാക്കി !!

നമ്മളില്‍ പലരും ഇതൊന്നും അറിഞ്ഞ മട്ടില്ല. കാര്‍ഷിക മേഖലയില്‍ പദ്ധതി ആസൂത്രണം ചെയ്യുമ്പോള്‍ അത് കര്‍ഷകന്‍ എന്ന അടിസ്ഥാന ഘടകത്തെ ചുറ്റിപറ്റി ആയിരിക്കണമെന്ന മുറവിളി തുടങ്ങിയിട്ട് നാളേറെയായി.
പക്ഷെ അതെല്ലാം വാചകമടിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു. ഇന്നും മൊത്ത ഉല്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നത്. ഇവിടെ മാക്രോ ഇക്കണോമിക്സ് സൂചകങ്ങള്‍ മാത്രം അടിസ്ഥാനപ്പെടുത്തി കൃഷിയെ സമീപിക്കുമ്പോള്‍ വിസ്മരിക്കപ്പെടുന്നത് പാവം കര്‍ഷകരെയാണ്. പാവം കര്‍ഷകര്‍ എന്നത് എടുത്ത്‌ പറയണം, കാരണം കാര്‍ഷികമേഖലയിലെ ഒട്ടുമിക്ക പരിഷ്കാരങ്ങലുടെയും ഗുണഭോക്താക്കള്‍ വന്‍കിട കര്‍ഷകരാണ്.

എവിടെയാണ് വികസനമെന്ന്‍ മനസ്സിലാവുന്നില്ല. ഇന്‍ക്ലൂസിവ്‌ എന്ന വാക്കിന് നമ്മളൊന്നും ഉദ്ദേശിച്ച അര്‍ത്ഥമല്ലേ? അങ്ങനെയും ഒരു സംശയം. ഇരുപതിനായിരം കോടി രൂപ ചിലവാക്കി വായ്പകള്‍ എഴുതിതള്ളിയിട്ടും ആത്മഹത്യകള്‍ നിര്‍ബാധം തുടരുന്നത് വളരെ ലളിതമായ ഒരു സത്യമാണ് നമ്മള്‍ക്ക് പറഞ്ഞു തരുന്നത്. പണം ചിലവാക്കിയത് കൊണ്ട് മാത്രം കാര്യങ്ങള്‍ നേര്‍വഴിക്ക് വരില്ല. കേന്ദ്രസര്‍ക്കാറിന്റെ നയമാണ് മാറേണ്ടത്. ‌ കര്‍ഷകരെ കൃഷിയില്‍ നിന്ന്‍ അകറ്റുക എന്ന പ്രഖ്യാപിത നയം. അടുത്തകാലത്ത് ഒരു സര്‍വേയില്‍ പങ്കെടുത്ത നാല്‍പത്‌ ശതമാനം കര്‍ഷകരും സാഹചര്യം ഒത്തുവന്നാല്‍ ഈ പണി നിര്‍ത്തും എന്നാണത്രേ അഭിപ്രായപ്പെട്ടത്‌!! ഉത്പന്നങ്ങള്‍ക്ക് ലഭിക്കുന്ന കുറഞ്ഞ വിലയും,അതില്‍ ഇടപെടാന്‍ സര്‍ക്കാര്‍ കാണിക്കുന്ന വിമുഖതയും, ആത്മഹത്യകള്‍ക്ക്‌ നേരെ പോലും കണ്ണടയ്ക്കുന്ന സമീപനവും എല്ലാം ചേര്‍ന്ന ഒരു തിരക്കഥയുടെ ക്ലൈമാക്സ് അങ്ങനെയായിരിക്കും.

കാര്‍ഷിക രംഗത്തെ ഉല്പാദനം വര്‍ധിപ്പിക്കുക എന്നതിനേക്കാള്‍ ഉല്പാദനക്ഷമത വര്‍ധിപ്പിക്കുക എന്നതാണ്‌ ലക്ഷ്യം. അതില്‍ തെറ്റുപറയാന്‍ കഴിയില്ല. പക്ഷേ അതിന് കണ്ടുപിടിച്ച മാര്‍ഗ്ഗം ആണ് പ്രശം.
കൃഷി കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് പൂര്‍ണ്ണമായും വിട്ടുകൊടുത്തുകൊണ്ട് മാത്രമേ ആ പറയുന്ന ക്ഷമത കൈവരിക്കാന്‍ കഴിയുകയുള്ളൂ എന്നത് ആരും പറയുന്നില്ലെങ്കിലും ഒരു സത്യമാണ്. അതായത്‌ കര്‍ഷകനെ കൃഷിയില്‍ നിന്ന്‍ അന്യവല്‍ക്കരിക്കുക. അങ്ങനെ അവിടെ ആധിപത്യം ഉറപ്പിക്കുക. അറുപത് ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ഒരു സമൂഹത്തില്‍ ആ അവസ്ഥയ്ക്ക് മാറ്റം വേണ്ടത്‌ തന്നെ. പക്ഷേ ഏതളവില്‍, എങ്ങനെ തുടങ്ങിയ പ്രധാന പ്രശ്നങ്ങള്‍ പക്ഷേ പരിഗണനയില്‍ വരുന്നില്ല. ഒരു പുനരധിവാസം ഇവിടെ അത്യന്താപേക്ഷിതമാണ്. എന്നാല്‍ അങ്ങനെയുള്ള ആലോചനകള്‍ നടക്കുന്നതായി അറിവില്ല. അങ്ങനെ കാര്‍ഷികമേഖലയില്‍ നിന്ന്‍ ആട്ടിയിറക്കപ്പെടുന്ന കര്‍ഷകനും കര്‍ഷക തൊഴിലാളിയും തുടര്‍ന്ന്‍ എന്ത് ചെയ്യണമെന്ന നിശ്ചയം ആര്‍ക്കുമില്ലാത്ത്ത ഒരവസ്ഥയിലാണ് ആത്മഹത്യകള്‍ പെരുകുന്നത്.

ഇതിനിടയിലാണ് മോണ്‍സാന്റോ വിഖ്യാതമായ അവരുടെ ചൂഷണ തന്ത്രങ്ങളുമായി കാര്‍ഷിക മേഖലയില്‍ പിടിമുറുക്കുന്നത്. ഒരു പക്ഷേ ബി.ടി. പരുത്തിയ്ക്കും ഇപ്പൊ വഴുതനങ്ങയ്ക്കും ഇത്രയേറെ എതിര്‍പ്പ് വരുന്നത് മോണ്‍സാന്റോയുടെ സാന്നിധ്യം കൊണ്ടാവാം. വിത്ത് വിപണി കീഴടക്കാനെത്തിയ ഈ ഭീമന്‍ ശരാശരി മൂന്നാംലോക കര്‍ഷകനെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തുന്നത്.

ഇന്ത്യയുടെ ഈ വികസനത്തില്‍ അത്യധികം ആശങ്കയുളവാക്കുന്ന ഒരു ഘടകം കര്‍ഷകരോടും അവരുടെ പ്രശ്നങ്ങളോടുമുള്ള മാധ്യമപ്രമാണിമാരുടെ അവജ്ഞയാണ്. ഇന്റര്‍നെറ്റ്‌ എലീറ്റുകള്‍ എന്ന്‍ വിളിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരു പറ്റം ആളുകളും, അവരെ ഫോളോ ചെയ്യുന്നതിലൂടെ തങ്ങളും മുഖ്യധാരാ സംവാദങ്ങളില്‍ പങ്കെടുക്കുന്നു എന്ന അബദ്ധധാരണ വെച്ചു പുലര്‍ത്തുന്ന കുറെയധികം നെറ്റിസന്‍സും ചേര്‍ന്ന്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്ന ഒരു മൂടുപടത്തില്‍ പെട്ട് പലപ്പോഴും ചര്‍ച്ചകളില്‍ നിന്ന്‍ പോലും അന്യംനിന്ന്‍ പോകുന്നത് കരിപുരണ്ട, വിശക്കുന്ന ഒരു ഇന്ത്യയുടെ യഥാര്‍ത്ഥ ചിത്രമാണ്. വിയര്‍പ്പും ചോരയും ചേര്‍ന്ന മണമുള്ള ഇന്ത്യ. വിലക്കയറ്റം വല്ലപ്പോഴും വാര്‍ത്തയാകുമ്പോള്‍ റിലയന്‍സ്‌ ഫ്രെഷില്‍ ക്യൂ നില്‍ക്കുന്നവരുടെ ദൃശ്യങ്ങള്‍ കാണിക്കുന്ന കാപട്യം തുറന്നു കാട്ടേണ്ടിയിരിക്കുന്നു. സി.എന്‍.എന്‍ ഐ.ബി.എന്‍ ചാനലിന്റെ വെബ്സൈറ്റില്‍ ബി.ടി. വഴുതനങ്ങ എന്ന പരാമര്‍ശം GEAC അനുമതി സംബന്ധിച്ച വാര്‍ത്തയില്‍ മാത്രം. ജയറാം രമേഷ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പൊതുസംവാദം സംഘടിപ്പിച്ചത് അവരൊന്നും അറിഞ്ഞതേയില്ല എന്ന്‍ തോന്നുന്നു !!

Advertisements
Explore posts in the same categories: രാഷ്ട്രീയം

മുദ്രകള്‍: , , ,

You can comment below, or link to this permanent URL from your own site.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w


%d bloggers like this: