മഹാഭാരതത്തിലെ പെണ്ണവസ്ഥകള്‍


പറഞ്ഞത് കേട്ടും ആ കേട്ടത് വീണ്ടും പറഞ്ഞും വളര്‍ന്നതാണ്‌ മഹാഭാരതം എന്ന് ചരിത്രം പറയുന്നു. കേള്‍‌വിക്കും പറച്ചിലിനുമിടയ്ക്കുള്ള ചെറിയ ഇടവേളകളില്‍ മുളച്ച ചിന്തകള്‍ ഉപകഥളായും വ്യാഖ്യാനങ്ങളായും രൂപാന്തരം പ്രാപിച്ച്‌ മൂലകഥയില്‍ ലയിച്ചു ചേര്‍ന്നതാണ്‌ ഇന്ന് നമ്മള്‍ വായിക്കുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ മഹാഭാരതം. അതായത് അനേകം തലമുറകളുടെ ബൗദ്ധികാധ്വാനത്തിന്റെ പ്രത്യക്ഷ രൂപമാണ്‌ ഇന്നത്തെ ഭാരതം. അത് തുടര്‍ന്ന് കൊണ്ട് പോകുക എന്നത് ഈ ശ്രേണിയിലെ ഓരോ കണ്ണിയുടെയും ചുമതലയാണ്‌. അതില്‍ തന്നെ ചില പുനരാഖ്യാനങ്ങള്‍ ദിശാസൂചകങ്ങളായി മാറിയിട്ടുണ്ട്. ശിവാജി സാവന്തിന്റെ ‘മൃത്യുഞയ’യ്ക്ക് ശേഷം ഭാരതം പഴയപോലെയല്ല വായിക്കപ്പെടുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതും. ‘രണ്ടാമൂഴവും’ ‘ഇനി ഞാനുറങ്ങട്ടെ’ യും അങ്ങനെ തന്നെ. ഇതേ ഗണത്തില്‍ പെടുത്താവുന്നതും എന്നാല്‍ അവയില്‍ നിന്നൊക്കെ വ്യതിരിക്തമായ ഒരു വായനാനുഭവം തരുന്നതുമായ ഏറ്റവും പുതിയ കൃതിയാണ്‌ മാതൃഭൂമി ബുക്സ് പുറത്തിറക്കിയ രാജന്‍ തിരുവോത്തിന്റെ ‘കുന്തി’ എന്ന നോവല്‍ . ഇനിയുള്ള ഭാരതം വായനകളിലും ചര്‍ച്ചകളിലും ഈ നോവല്‍ അവഗണിക്കാനാവാത്ത ഘടകമായി മാറിക്കൊണ്ടിരിക്കുകയാണ്‍.   

കുന്തിയില്‍ നിന്ന് കുന്തിയിലേക്ക് കുന്തിയോടൊപ്പമുള്ള ഒരു യാത്രയാണ്‌ ഈ നോവല്‍ . ഈ യാത്രയില്‍ നമ്മള്‍ കണ്ടുമുട്ടുന്നത് ചിരപരിചിതരായ കഥാപാത്രങ്ങളെ തന്നെയാണ്‌. എന്നാല്‍ അവര്‍  അഭൗമപരിവേഷങ്ങളില്ലാത്ത പച്ചമനുഷ്യരാണ്‌. യുദ്ധാനന്തരം കത്തിയെരിയുന്ന ചിതകള്‍ അകത്തും പുറത്തും ബാക്കിയാക്കി തന്റെ മക്കളെയും രാജ്യത്തെയും വിട്ട് കാട്ടിലേക്കിറങ്ങിയ കുന്തിയെ തിരികെ വിളിക്കാന്‍ വന്നവരില്‍ നിന്ന് തന്റെ മക്കളെ  മാത്രം തിരിച്ചയച്ച് കൃഷ്ണന്റെ സമീപത്തിരുന്ന് കുന്തി മനസ്സുകൊണ്ടൊരു തിരിഞ്ഞു നടത്തത്തിന്ന് തയ്യാറെടുക്കുന്നിടത്താണ്‌ നോവല്‍ ആരംഭിക്കുന്നത്  –  “ഭൂതകാലത്തിന്റെ നിമ്‌നോന്നതങ്ങളിലൂടെ ഒരു യാത്ര!”..

തുടര്‍ന്ന് കുന്തിയുടെ ജീവിതത്തിന്റെ പടവുകള്‍ ഒന്നൊന്നായി തിരിച്ചിറങ്ങുകയാണ്‌. ഒരു സ്ത്രീയുടെ ജീവിതം ആരെല്ലാം ചേര്‍ന്ന് എങ്ങനെയൊക്കെ മാറ്റിമറിക്കുന്നു എന്ന കാലിക സമസ്യയ്ക്ക് പുരാതന കഥയിലെ ഈ രാജമാതാവിന്റെ ജീവിതയാത്രയിലൂടെ ഉത്തരം കണ്ടെത്തുകയാണ്‌ നോവലിസ്റ്റ്. “അറിഞ്ഞിട്ടും പറയാതിരുന്നത്, കണ്ടിട്ടും കാണാതിരുന്നത്” എല്ലാം ഈ യാത്രയില്‍ എതിരേ വരുന്നുണ്ട്. ഈ യാത്രയില്‍ സങ്കീര്‍ണ്ണമായ ആത്മബന്ധങ്ങളില്‍പോലും പെണ്ണ് നേരിടുന്ന അനീതികളും വിവേചനങ്ങളും തുറന്നുകാട്ടുന്നു. കുന്തി പറയുന്നുണ്ട് :  “അച്‌ഛനോ വളര്‍ത്തച്‌ഛനോ ഭര്‍ത്താവോ ഋഷികളോ മക്കളോ.. ഈ നില്‍ക്കുന്ന കൃഷ്ണന്‍ പോലും എന്നെ ശരിക്കും അറിയാന്‍ ശ്രമിച്ചിട്ടില്ല.”    ഇപ്രകാരം കൃഷ്ണനടക്കം എല്ലാ പുരുഷന്മാരും ഇവിടെ വിചാരണ ചെയ്യപ്പെടുന്നുണ്ട്. അന്ധനും ഷണ്ഡനും രാജ്യം ഭരിക്കുമ്പോള്‍ നീതിയെക്കുറിച്ച് ഒരു പെണ്ണിന്റെ സന്ദേഹങ്ങള്‍ കുന്തി ഈ നോവലില്‍ പ്രകടിപ്പിക്കുന്നുണ്ട്. ആണ്‍കോയ്മയ്ക് നേരെ ഇത്തരം രാഷ്ട്രീയ വിമര്‍ശനങ്ങള്‍ നോവലില്‍ സുലഭമാണ്‌.

കുന്തിയും ഒരു സ്ത്രീയാണെന്ന ഓര്‍മ്മപ്പെടുത്തലുമാണ്‌ ഈ നോവല്‍ . രാജമാതാവും ആത്യന്തികമായി ഒരു പെണ്ണാണ്‌ എന്ന പ്രസ്താവന. ഒരു മനുഷ്യപ്പെണ്ണിന്‌ മക്കളുണ്ടാവുന്നത് മന്ത്രശക്തി കൊണ്ടല്ല എന്ന സംശയരഹിതമായ യുക്തിചിന്ത ഈ നോവലിന്റെ അടിസ്ഥാന ശിലകളിലൊന്നാണ്‌. തുടക്കത്തില്‍ സൂചിപ്പിച്ച കേള്‍‌വി–പറച്ചില്‍ ശ്രേണിക്കിടയിലെപ്പൊഴോ ആയിരിക്കണം പാണ്ഡവരുടെ പിതൃത്വം ദേവന്മാരില്‍ ആരോപിക്കപ്പെട്ടത്. എന്തായാലും ഈ ശുദ്ധ വിഡ്ഡിത്തത്തെ യുക്തിസഹമായി തകര്‍ക്കുന്നുണ്ട് രാജന്‍ തിരുവോത്ത് ഈ നോവലിലൂടെ. പഞ്ചപാണ്ഡവരുടെ രൂപവും സ്വഭാവവും കൈയിലെ അഞ്ചുവിരകള്‍ കൊണ്ട് വിവരിക്കുന്നുണ്ട് കുന്തി. രൂപത്തിലും ഗുണത്തിലും പ്രയോഗത്തിലും അതിശയകരമായ ഈ സാദൃശ്യം വ്യക്തമാണ്‌. തന്റെ സൃഷ്ടിയുടെ ഇത്തരം അതിസൂക്ഷ്മമായ തലങ്ങളില്‍ പോലും നോവലിസ്റ്റ് പുലര്‍ത്തിയ ശ്രദ്ധയും അതിനു പുറകിലെ കഠിനാധ്വാനവും ആഴത്തിലുള്ള പഠനവും തന്നെയാണ്‌ ‘കുന്തി’യുടെ ചേരുവകള്‍.

രാജന്‍ തിരുവോത്തിന്റെ കുന്തി പാണ്ഡുരാജനെ കൊണ്ട് തന്റെ ഷണ്ഡത്വം സമ്മതിപ്പിക്കുന്നുണ്ട്. പുരാണങ്ങളിലെ പതിവ് ചെപ്പടിവിദ്യയായ ശാപകഥ പൊളിച്ചടുക്കുന്നുമുണ്ട് കുന്തി. അങ്ങനെ ഷണ്ഡനായ ഭര്‍ത്താവ് ബീജാക്ഷേത്രന്യായപ്രകാരം ബുദ്ധിമാന്മാരായ ശുദ്ധബ്രാഹ്മണരില്‍ നിന്ന് സന്താനങ്ങളെ നേടാന്‍ കുന്തിയെ ഉപദേശിക്കുന്നു. കാമം, പക്ഷേ, ചാതുര്‍‌വര്‍‌ണ്ണ്യത്തിനു മുന്‍പേ ജനിച്ച വികാരമാണെന്ന് പാണ്ഡുവിനറിയില്ലെങ്കിലും കുന്തിയ്ക്ക് നല്ല ബോധ്യമുണ്ടെന്നു വേണം മനസ്സിലാക്കാന്‍ . കര്‍ണ്ണനടക്കമുള്ള പാണ്ഡവരുടെ ഓരോരുത്തരുടെയും പിതൃത്വം മഹാഭാരത്തില്‍ നിന്നുള്ള സാഹചര്യതെളിവുകളുടെയും സാമാന്യബോധത്തിന്റെയും യുക്തിചിന്തയുടേയും ഭാവനയുടെയും പിന്‍ബലത്തില്‍ നോവലില്‍ അനാവരണം ചെയ്യപ്പെടുന്നു. ഇതേ യുക്തിഭദ്രതയാണ്‌ കൗരവസദസ്സില്‍ വെച്ച് ദ്രൗപദിയെ കൃഷ്ണന്‍ സഹായിക്കുന്ന രീതിയിലും കാണുന്നത്. ആ രംഗം കുന്തി വിവരിക്കുന്നത് ഇങ്ങനെയാണ്‌ :

“ദ്യൂതസഭയ്ക്കെതിരെയുള്ള അകത്തളത്തിന്റെ മേല്‍ത്തട്ടില്‍ നിന്ന് മഞ്ഞനിറത്തിലുള്ള ഒരു മേല്‍‌വസ്ത്രം ദ്രൗപദിയുടെ നഗ്നതയ്ക്കു മേല്‍ വന്നുവീഴുന്നത് എല്ലാവരും നോക്കി നിന്നു.മേല്‍ത്തട്ടിലെ ചിത്രത്തൂണിനു പിറകില്‍ ആരും കാണാതെ മാറി നില്‍ക്കുന്ന കറുത്തുമെലിഞ്ഞ ഒരാളെ ഞാന്‍ കണ്ടു.”

കറുത്തു മെലിഞ്ഞ കാലിചെക്കന്‍ !. ബ്രാഹ്മണ്യം കൃഷ്ണനെ ഹൈജാക്ക് ചെയ്യുന്നതിനു മുന്‍പുള്ള സങ്കല്പം !! തന്റെ ആജ്ഞാശക്തിയാകുന്ന ചമ്മട്ടി കൈയിലേന്തിയ കൃഷ്ണന്‍ ഈ നോവലില്‍ ഒരു നിറ സാന്നിധ്യമാണ്‌. എന്തൊക്കെയോ പറയാന്‍ വെമ്പുന്ന മനസ്സും നിഗൂഢമായ നോട്ടവുമായി മറ്റൊരാളും ഈ നോവലില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട് – വിദുരര്‍ . “ഞാന്‍ ജീവിതത്തില്‍ ഒരു പുരുഷനെ മാത്രമേ സ്നേഹിച്ചിട്ടുള്ളൂ, ഒരു പുരുഷന്‍ മാത്രമേ എന്നെയും സ്നേഹിച്ചിട്ടുള്ളൂ..അത് വിദുരരാണ്‌   ” എന്ന് കുന്തി ഈ നോവലില്‍ തുറന്നു പറയുന്നുണ്ട്. ഇത്തരത്തില്‍ ഒരുപാട് തുറന്നുപറച്ചിലുകളാണ്‌ ഈ നോവലിനെ മുന്നോട്ട് കൊണ്ട്പോകുന്നത്. ശാസ്ത്രത്തിന്റെയും മന:ശാസ്ത്രത്തിന്റെയും യുക്തിയുടെയും പിന്‍ബലത്തില്‍ വ്യാസഭാരതത്തിന്റെ വെളിച്ചം കടക്കാത്ത ഇടനാഴികളിലൂടെ തുറന്ന കണ്ണുകളുമായി നടന്ന ഒരന്വേഷകന്റെ സാര്‍ഥകമായ കണ്ടെത്തലുകളാണ്‌ ഈ നോവല്‍ . അതോടൊപ്പം നൂറ്റാണ്ടുകളുടെ വ്യത്യാസത്തിലും പെണ്ണവസ്ഥകള്‍ എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്ന തിരിച്ചറിവും.

എം. പി വീരേന്ദ്രകുമാര്‍ അവതാരികയെഴുതിയ പുസ്തകത്തിന്‌ സതീഷ് ഉണ്ണികൃഷ്ണന്റെ മനോഹരമായ കവര്‍ഡിസൈന്‍ മാറ്റ് കൂട്ടുന്നു. കാവ്യാത്മകമായ ഭാഷയിലൂടെ ഗഹനമായ ചിന്തകള്‍ അവതരിപ്പിച്ച രചനാശൈലി പുതിയൊരു വായനാനുഭവം നല്‍കുന്നു. അതുകൊണ്ട് തന്നെ മലയാള സാഹിത്യത്തില്‍ ഈ പുസ്തകം തനതായ ഒരു സ്ഥാനം നേടുമെന്നുറപ്പാണ്‌.

—-  ബിജിന്‍ കൃഷ്ണ

*** ‘സമകാലിക മലയാളം’ വാരികയിലെ  ‘പുസ്തകപരിചയം’ പംക്തിയില്‍ പ്രസിധീകരിച്ച ലേഖനം.

പുസ്തകം ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്യാന്‍ :    ഇന്ദുലേഖ,  http://indulekha.biz/index.php?route=product/product&author_id=857&product_id=1898

*** ഇത് വിമര്‍ശനാത്മകമായ ഒരു നിരൂപണം അല്ല. പുസ്തകം പരിചയപ്പെടുത്തല്‍ ആണ്.

Advertisements
Explore posts in the same categories: ലേഖനം

മുദ്രകള്‍: ,

You can comment below, or link to this permanent URL from your own site.

One Comment on “മഹാഭാരതത്തിലെ പെണ്ണവസ്ഥകള്‍”

  1. bhattathiri Says:

    ശൂരസേനമഹാരാജാവിന്റെ പൂത്രി. കുന്തിഭോജന്റെ ദത്തുപുത്രി.ബുദ്ധിമതി.ജ്ഞാനി. കുന്തീദേവി എന്ന് വിളിക്കുന്ന പൃഥയ്ക്ക് വിശേഷണങ്ങൾ ഏറെ. ആർക്കും ഒരു കയ്യബദ്ധം പറ്റും.ജീവിതത്തിൽ ഓരേ ഒരു അബദ്ധം പറ്റി. അത് കൗമാര ചിപല്യമായിരുന്നു. കർണ്ണന്റെ ജനനത്തിന് ആ കൗമാര ചാപല്യം വഴിയൊരുക്കി .പക്ഷെ ജീവിതം മുഴുവനും അതിന് വിലയായി നൽകേണ്ടി വന്നു. അഥവാ ആവശ്യമായിരുന്ന കർണ്ണന്റെ ജനനത്തിന് ഒരു കാരണം മാത്രമായിരുന്നു ദുർവ്വാസാവിന്റെ വരം പരീക്ഷിക്കാൻ തോന്നിയത്.

    പിന്നെ നാം കാണുന്ന കുന്തി പക്വതയാർന്ന ഒരു സ്ത്രീ രത്നമായാണ്. പാഞ്ചാലിയെ അർജ്ജുനൻ വിവാഹം കഴിച്ചു കൊണ്ട് വന്നപ്പോൾ ; അർജ്ജുനന് സമ്മാനം കിട്ടി എന്ന് നകുലൻ വിളിച്ചു പറഞ്ഞപ്പോൾ തുല്യമായി ഭാഗിച്ചെടുത്തോളാൻ കുന്തി പറഞ്ഞത് ഒട്ടും ആലോചിക്കാതെയല്ല. ദിവസവും സഹോദരന്മാർക്ക് എന്ത് കി ട്ടിയാ ലും ഭാഗിച്ചെടുക്കുകയാണ് പതിവ്. പതിവിന് പിപരീത മാ യി നകുലൻ വിളിച്ചു പറഞ്ഞപ്പോഴേ കിട്ടിയ സമ്മാനത്തിന് എന്തോ പ്രത്യേക ത – ഉണ്ടെന്ന് കുന്തിക്ക് ബോദ്ധ്യമായി. ഏതൊരു വസ്തുവും തുല്യമായി ഭാഗിക്കാൻ കഴിയില്ല. കാരണം ഭാഗിച്ചാൽ രണ്ട് വ്യത്യസ്ഥ സാധനങ്ങളായി ‘അപ്പോൾ ഭർത്താവ് എന്ന സ്ഥാനത്തെ ഭാഗിക്കാനല്ല കുന്തി പറഞ്ഞത് പാഞ്ചാലിയെ ഭാഗിക്കാനാണ്. അതായത് ഭർത്താവ് എന്ന സ്ഥാനം അർജ്ജുനന് പിതാവ് എന്ന സ്ഥാനം യു ധീഷ്ഠിരന് സഹോദരൻ എന്ന സ്ഥാനം ഭീമസേനന് . മക്കളുടെ സ്ഥാനം നകുല സഹദേവൻ മാർക്ക് . അപ്പോഴേ തുല്യമാകു പിതാവിന്റെ സ്ഥാനത്തിനും സഹോദരന്റെ സ്ഥാനത്തിനും ഭർത്താവിന്റെ സ്ഥാനത്തിനും വേറെ അവകാശികളില്ല പരിപൂർണ്ണമായും അവകാശം യുധീഷ്ഠിരനും ഭീമനും അർജ്ജുനനും തന്നെ. മക്കൾ എത്ര വേണ മെങ്കിലും ആകാമല്ലോ അത് നകുല സഹദേവൻ മാർക്കും. ഇതാണ് സത്യം . എന്നാൽ പാഞ്ചാലിയെ ഭാഗിക്കുന്നതിന് പകരം പാഞ്ചാലിയുടെ ഭർതൃസ്ഥാനത്തെ ഭാഗിച്ചു കൊണ്ട് കഥ തിരുത്തിക്കുറിക്ക പ്പെട്ടപ്പോൾ ഭാരതീയ സനാതന ധർമ്മം അപഹസിക്കപ്പെട്ടു. അത് തന്നെയായിരുന്നു തിരുത്തിയവരുടെ ഉദ്ദേശവും അതാണ് കഥയിലൂടെയല്ല. കഥാപാത്രങ്ങളിലുടെ സഞ്ചരിച്ചാലേ സത്യം അറിയാനൊക്കു എന്ന് ഞാൻ പറയുന്നത്. ചിന്തിക്കുക


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w


%d bloggers like this: