Archive for the ‘പലവക’ category

വിളംബരം…

മാര്‍ച്ച് 25, 2009

ഭാര്യയേയും അമ്മായി അപ്പനെയും ബ്ലോഗിന്‍റെ ലോകത്തേയ്ക്ക് കോളറിനു പിടിച്ചു വലിച്ചു കൊണ്ട് വന്നപ്പോ തന്നെ തോന്നിയിരുന്നു.. എന്ത് കൊണ്ട് ഇത് നമുക്കും ആയിക്കൂടാ.. (അവര്‍ രണ്ടു പേരും ഇപ്പൊ ഏതാണ്ട് റണ്ണിങ്ങിലായി തുടങ്ങി.. ഒരാള് ദേ ഇവിടെയും    രണ്ടാമത്തെയാള് ഇവിടെയും )

ഇത് ബ്ലോഗിന്റെ ലോകത്തേക്കുള്ള രണ്ടാംവരവാണ്.

ഇത്തവണ മാ ഫലേഷു ആണ് കഥാരചന..
ആരും വന്നിലെങ്കിലും കമെന്റിട്ടില്ലെങ്കിലും ഇത് മുന്നോട്ടു കൊണ്ട് പോകും എന്ന് ഭാര്യയുടെ തലയില്‍ തൊട്ടു സത്യം ചെയ്യാമെന്ന് വിചാരിച്ചാ അവള്‍ സമ്മതിക്കണ്ടേ… പഴയ മാതിരി കൂതറ സാധനങ്ങള്‍ ഇതില്‍ കണ്ടു പോകരുത് എന്ന ശക്തമായ താക്കീതും.. വാശിയോ.. അതും ഈ എന്നോട്.. ഞാന്‍ വിട്ടില്ല.. ഉടനെ തന്നെ ബ്ലോഗറിലെ ആ പഴയ പോസ്റ്റൊക്കെ എടുത്തു ചാക്കിലാക്കി ആരും കാണാതെ പറമ്പിന്‍റെ മൂലയിലെറിഞ്ഞു… ഇന്നലത്തെ വേനല്‍മഴയില്‍ അതെല്ലാം വീട്ടിനു മുന്നിലെ ഒരടി മാത്രം വീതിയുള്ള കാണി (ഓട) യിലൂടെ ഒഴുകി നരിക്കുനി തോട്ടില്‍ ചേര്‍ന്ന് കണ്ടന്‍ ചിറയും കടന്നു കുറ്റ്യാടി  പുഴയിലൂടെ  അറബിക്കടലിന്റെ ഭാഗമായിക്കാണും…. 


    ‘ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍’ എടുത്തു പോയ ചില പ്രഖ്യാപനങ്ങള്‍..
  1.  ഈ ബ്ലോഗില്‍ വരുന്ന സാധനങ്ങള്‍ മലയാള സാഹിത്യ ചരിത്രത്തില്‍ സുവര്‍ണലിപി പോയിട്ട് കരിക്കട്ട കൊണ്ട് പോലും എഴുതപ്പെടില്ല എന്ന് ഞാന്‍ തിരിച്ചറിയുന്നു..
     
  2. നില്‍ക്കാന്‍ പഠിച്ചിട്ടു മാത്രമേ നടക്കാന്‍ ശ്രമിക്കുള്ളൂ.. ഓട്ടം സ്വപ്നത്തില്‍ പോലും ഇല്ല..!!
     
  3.  എന്റെ പോസ്റ്റുകള്‍ വായിക്കുന്നത് പോലെത്തന്നെ വായിക്കാതിരിക്കുന്നതും വായനക്കാരുടെ സ്വാതന്ത്ര്യമാണ്.. ഹിറ്റ് കുറയുന്നതിന് ആരുടേയും തന്തക്കു വിളിക്കില്ല..!!

 

:)

എന്തെഴുതും എന്ന സ്വാഭാവിക സന്ദേഹം…

സംഭവങ്ങള്‍ അധികം ഇല്ലാത്ത 26 വര്‍ഷങ്ങള്‍.. 13 വര്‍ഷങ്ങള്‍ പാഴാക്കിയതിന് ശേഷം തുടങ്ങിയ പ്രണയം ഇന്നും തുടരുന്നു.. ഒരു കുഞ്ഞു പൂവ് മൊട്ടിടുന്നു.. കൊഞ്ചല്‍ മാറുന്നതിന് മുന്‍പേ പക്വമതിയുടെ കുപ്പായം അണിയിച്ചു തന്ന സമൂഹത്തിനോട് ഞാന്‍ നീതി പുലര്‍ത്തിയത്‌ ഒരുപാട് നഷ്ടം സഹിച്ചാണ്.. കോട്ടി കളിക്കാതെ , നരിക്കുനി തോട്ടില്‍ നീന്തല്‍ പഠിക്കാതെ, ആരാന്‍റെ മാവിനെറിയാതെ…………       അങ്ങനെ ഒരുപാട് നഷ്ടങ്ങള്‍…….   ചിലപ്പോള്‍ ആ നഷ്ടബോധങ്ങള്‍ ഒരു തിരിച്ചറിവിന്‍റെ ചരല്‍വഴികളിലെക്കുള്ള ചൂണ്ടുപലകകള്‍ ആകാറുണ്ട്.. . മറ്റു ചിലപ്പോള്‍ 3 പ്രാവശ്യം കോട്ടി കളിച്ചതിന്റെയും, ഒരിക്കല്‍ നരിക്കുനി തോട്ടില്‍ മുങ്ങി വെള്ളം കുടിച്ചതിന്റെയും, ഒരില പോലും വീഴ്ത്താതെ താഴേക്കു വീണ കല്ലുകളുടെയും പരിചയസമ്പന്നത ഒരു nostalgia ആയി ഇങ്ങനെ കിടക്കും..

ഇതിനെല്ലാം പുറമേ തിരഞ്ഞെടുപ്പല്ലേ.. നല്ല വളക്കൂറുള്ള കാലഘട്ടം… അപ്പൊ പിന്നെ അങ്ങനെ ആവട്ടെ അല്ലേ…. 

 ശേഷം നേരില്‍..
Advertisements