Posted tagged ‘ഇ.എം.എസ് ഭവന പദ്ധതി’

കുഞ്ഞൂഞ്ഞിന്റെ കൊച്ചു കൊച്ചു വികൃതികള്‍

മാര്‍ച്ച് 3, 2010

വിവരക്കേട് ഒരു കുറ്റമല്ല. കുഞുങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ചും. ഇനി കുഞ്ഞൂഞ്ഞാണെങ്കിലും ഞാന്‍ വാദിക്കും, വിവരക്കേട് കുറ്റമല്ല തന്നെ. പക്ഷേ കേരളത്തിന്റെ പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ അങ്ങനെ സ്ട്രോങ്ങ് ആയി നില്‍ക്കാന്‍ ഞാനില്ല. അതും കുറച്ചു കാലം കേരള മുഖ്യമന്ത്രിയായിരുന്ന ആള്‍. ഒന്നൊന്നര കൊല്ലം കഴിഞ്ഞാല്‍ വീണ്ടും അങ്ങനെയാകാന്‍ സാധ്യതയുണ്ടെന്ന് പറയപ്പെടുന്ന ഒരാള്‍. ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് അല്പം കൂടെ വകതിരിവ് പ്രതീക്ഷിച്ചത് എന്റെ തെറ്റാണോ?

മാതൃഭൂമിയില്‍ ചാണ്ടിച്ചന്റെ ലേഖനം കണ്ടു. തലക്കെട്ട് കണ്ടപ്പോഴേ ചിരി വന്നു.. “നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപാര്‍ക്കാം ”    കാവ്യമനോഹരം !!! ആദ്യവസാനം അബദ്ധജഡിലമായ ഒരു ലേഖനം. ഒന്നുകില്‍ വായനക്കാര്‍ സാമ്പത്തികവിഷയങ്ങളില്‍ മണ്ടന്മാരാണെന്ന് വല്ലാതെ തെറ്റിദ്ധരിച്ചു കാണും. അതല്ലെങ്കില്‍ പിന്നിയ ഖദറിനുള്ളിലെ കുബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു. പണ്ടൊരാള്‍ വേറൊരാളോട് ചോദിച്ചിരുന്നു: “താന്‍ ശരിക്കും മണ്ടനാണോ അതോ ആക്ട് ചെയ്യുകയാണോ?” എന്ന്. ഏതാണ്ടതുപോലെ…

ഇനി ചില വിവരക്കേട്സ് ഇന്‍ ഡീറ്റെയില്‍..

1. “പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള ഇന്ദിര ആവാസ് യോജന എന്ന ഭവനനിര്‍മാണ പദ്ധതിക്ക് പതിനായിരം കോടിയുണ്ട്. ഇതാണു കേരളത്തില്‍ ഇ.എം.എസ്. ഭവനപദ്ധതി എന്നു പേരുമാറ്റി ഇടതുസര്‍ക്കാര്‍ നടപ്പാക്കുന്നത്”.

ചില കണക്കുകള്‍ നോക്കാം;

കഴിഞ്ഞ കേരള സംസ്ഥാന ബഡ്ജറ്റില്‍ 2000 കോടി വകയിരുത്തിയ സ്ഥാനത്താണ്‌ ഭവന നിര്‍മാണത്തിനായി ദേശീയ ബഡ്ജറ്റില്‍ 10000 കോടിയുടെ പെരുമ വിളമ്പുന്നത്. പതിനായിരം കോടി എന്നത് രാജ്യത്തിന്റെ മൊത്തം പദ്ധതിവിഹിതത്തിന്റെ എത്ര ശതമാനം വരും എന്ന് കണക്കു കൂട്ടാന്‍ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവിനു എന്തേ ഇത്ര മടി? ഇനിയുമുണ്ട് കള്ളത്തരങ്ങള്‍.   ഇ.ആ.യോ പ്രകാരം ഭവനനിര്‍മാണ സഹായമായി നല്‍കുന്നത് പരമാവധി 38750 രൂപ. അതില്‍ തന്നെ നാലിലൊന്ന് സംസ്ഥാനങ്ങള്‍ വഹിക്കണം. അതേ സമയം ഇ.എം.എസ് പദ്ധതിയില്‍ 75000 രൂപ മുതല്‍  125000 രുപ വരെയാണ്‌ വിവിധ വിഭാഗങ്ങള്‍ക്കായി അനുവദിക്കുന്നത്.  ഈ അടിസ്ഥാന വിവരം ഉമ്മന്‍‌ ചാണ്ടിക്ക് അറിയില്ല എന്നു വിശ്വസിക്കാന്‍ അല്പം പ്രയാസമുണ്ട്. അപ്പോള്‍ ഈ വിവരം അറിഞ്ഞുകൊണ്ട് തന്നെ ബഡ്ജറ്റിനെക്കുറിച്ചുള്ള ലേഖനത്തിന്റെ ഇടയില്‍ക്കൂടി നുണപ്രചരണം തന്നെ ലക്ഷ്യം.

2. മഹാത്മാ ഗാന്ധി  ദേശീയ തൊഴിലുറപ്പു പദ്ധതിയെ കുറിച്ച് വല്ലാതെ വാചാലനാകുന്നുണ്ട് കുഞ്ഞൂഞ്ഞച്ചായന്‍. ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴില്‍ ദാന പദ്ധതിയാണെന്ന് അദ്ദേഹം പറയുന്നത് സത്യവുമാണ്. കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ അത്ര ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിയാതിരുന്ന ഒരു പദ്ധതി കൂടിയാണത്. ലേഖനത്തില്‍ അദ്ദേഹം തന്നെ പറയുന്നു:

“എന്നാല്‍ കേരളത്തില്‍ 22 ദിവസം മാത്രമാണു തൊഴില്‍ നല്കിയത്. തൊഴിലുറപ്പു പദ്ധതിയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും നടപ്പാക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ട സര്‍ക്കാറാണു കേരളത്തിലേത്.”

ഇപ്പറഞ്ഞതിന്റെ ഒരു വാചകം മുകളില്‍ അദ്ദേഹം തന്നെ ഇങ്ങനെ എഴുതിയിരിക്കുന്നു:

“കേരളത്തിലും കര്‍ഷകരെ കയറിന്‍തുമ്പില്‍നിന്നും കീടനാശിനിക്കുപ്പികളില്‍നിന്നും സംരക്ഷിച്ചത് ഈ പദ്ധതി മാത്രം.”

അതായത് വളരെ ദയനീയമായി മാത്രം നടപ്പിലാക്കിയ പദ്ധതി അത്ഭുതകരമാംവണ്ണം വയനാട്ടിലെ കര്‍ഷകരെ ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചു !!! കൊള്ളാം..  വളുവളാന്ന് അടിച്ചു വിടുകയാണല്ലേ…  ‘മികച്ച’ രീതിയില്‍ തൊഴിലുറപ്പ് നടപ്പാക്കിയ സംസ്ഥാനങ്ങളിലെ കര്‍ഷക ആത്മഹത്യകള്‍ കുറഞ്ഞോ കൂടിയോ എന്ന് അദ്ദേഹം അന്വേഷിച്ചോ ആവോ. കഴിഞ്ഞ ഒന്നര കൊല്ലം കൊണ്ട് ഇന്ത്യയില്‍ അമ്പതിനായിരം കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായി ദേശീയ ക്രൈം റേക്കോഡ് ബ്യൂറോയുടെ കണക്കുകളെ ആസ്പദമാക്കി പി. സായ്നാഥ് റിപ്പോര്‍ട്ട് ചെയ്തത് പ്രതിപക്ഷ നേതാവിന്റെ ഈ അവകാശവാദത്തോട് ചേര്‍ത്ത് വായിക്കേണ്ടതാണ്‌. വിദര്‍ഭയിലെ ‘കീടനാശിനി പ്രയോഗം’  നിര്‍ബാധം തുടരുന്ന കാര്യം അറിവില്ലെങ്കില്‍ ആരെങ്കിലും ഒന്നു പറഞ്ഞു കൊടുക്കണം.

3. ഏഴ് ശതമാനം വളര്‍ച്ചാനിരക്ക് പത്ത് വര്‍ഷം തുടര്‍ന്നാല്‍ സമ്പദ് വ്യവസ്ഥ   ഇരട്ടി വളര്‍ച്ച കൈവരിക്കും എന്നതിന് അദ്ദേഹം വളരെ ലളിതമായ വ്യാഖ്യാനം നല്‍കുന്നത് ശ്രദ്ധിക്കൂ:

“ഇപ്പോള്‍ 20 വയസ്സുള്ള ഒരാള്‍ 30 വയസ്സില്‍ എത്തുമ്പോള്‍ നിലവിലുള്ളതിന്റെ ഇരട്ടി വരുമാനവും തൊഴിലവസരവും ഉണ്ടാകും എന്നര്‍ഥം”.

ഇത് അത്യധികം ഗൌരവമാര്‍ഹിക്കുന്ന ഒരു കളിയാണ്.  മൊത്ത ആഭ്യന്തര ഉല്പാദനം അടിസ്ഥാനമാക്കി വളര്‍ച്ച കണക്കാക്കുമ്പോള്‍ കാര്യങ്ങള്‍ ഇത്ര നിസ്സാരമല്ല എന്നാ കാര്യം ഉമ്മന്‍ ചാണ്ടിക്ക് അറിയാഞ്ഞിട്ടല്ല. ഈ സാമാന്യവല്‍കരണം  കൊണ്ട് ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ്‌  സാമൂഹ്യനീതിയുടെയും സാമ്പത്തിക സമത്വത്തിന്റെയും വിഷയത്തില്‍ അദ്ദേഹം പുലര്‍ത്തുന്ന സങ്കുചിതമായ കാഴ്ചപ്പാട് തുറന്നു കാട്ടുന്നു. ഇരുപതു രൂപയില്‍ താഴെ കൊണ്ടു ഒരു ദിവസം കഴിക്കുന്ന ആളുകളുടെ എണ്ണം വര്‍ധിക്കുന്നത് കാണാതെ കേവലം ജി.ഡി.പി. വളര്‍ച്ചയെ ഒരോ വ്യക്തിയുടെയും തൊഴിലിന്റെയും  വളര്ച്ചയായും  അവതരിപ്പിക്കാനുള്ള ശ്രമം അപഹാസ്യമാണ്.

Advertisements