Posted tagged ‘കാലാവസ്ഥ’

കോപ്പന്‍‌ഹേഗന്‍ വിരല്‍ ചൂണ്ടുന്നത്

ഡിസംബര്‍ 7, 2009

കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച്  ഒരു ധാരണ ഉണ്ടാക്കാമെന്ന പ്രതീക്ഷയില്‍ ലോകരാഷ്ട്രങ്ങള്‍ കോപ്പന്‍‌ഹേഗനില്‍ സമ്മേളിക്കുന്നു. ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന സമ്മേളനം തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി ലോകമെമ്പാടും നടക്കുന്ന ചര്‍ച്ചകളുടെയും അതു വഴി ഉരുത്തിരിഞ്ഞു വരുന്ന ധാരണകളുടെയും ഒരു സ്റ്റേജ് പെര്‍ഫൊര്‍മന്‍‍സായിരിക്കും അവിടെ മിക്കവാറും നടക്കുക. അതിനാല്‍ തന്നെ സമ്മേളനത്തിന്റെ അവസാനം ആരും അത്ഭുതങ്ങള്‍ ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല.

അരപ്പട്ടിണിയും അരക്ഷിതാവസ്ഥയും വ്യവസ്ഥിയിന്മേല്‍ വര്‍ധിച്ചു വരുന്ന അവിശ്വാസവും അസന്തുലിതമായ സാമ്പത്തിക വളര്‍ച്ചയുടെ ഉപോല്പ്പന്നമെന്നോണം സം‌ഭവിക്കുന്ന പാര്‍ശ്വവല്‍ക്കരണവും എല്ലാം ചേര്‍ന്ന് ഒരു വല്ലാത്ത അവസ്ഥയില്‍ എത്തി നില്‍ക്കുന്ന പാവങ്ങളുടെ പേരിലായിരിക്കും നമ്മുടെ പ്രതിനിധികള്‍ കോപ്പന്‍‌ഹേഗനില്‍ വാദഗതികള്‍ നിരത്തുക എന്ന് പ്രതീക്ഷിക്കാം. അതേ സമയം പടിഞ്ഞാറിന്റെ മുന്‍പില്‍ മുട്ടിടിക്കുന്ന ഒരു രാഷ്ട്രീയ നേതൃത്വം ഒട്ടേറെ ആശങ്കകള്‍ ഉയര്‍ത്തുന്നു. സമീപകാലത്ത് ഇന്ത്യന്‍ നിലപാടുകളില്‍ വന്ന ചാഞാട്ടമാണ്‌ ഇത്തരം ആശങ്കകളുടെ മുഖ്യ നിദാനം.

ശാസ്ത്ര ലോകത്ത് ഇന്നും തുടരുന്ന ചില പ്രതിവാദങ്ങള്‍ ഒഴിച്ചാല്‍, ഔദ്യോഗിക തലത്തില്‍ കാലാവസ്ഥാ വ്യതിയാനത്തെ പറ്റിയും അതിന്റെ പ്രശ്നങ്ങളെ പറ്റിയും നല്ല അവബോധം വന്നിട്ടുണ്ട്. വികസിത രാജ്യങ്ങള്‍ ചരിത്ര പരമായ ഉത്തരവാദിത്വം കണക്കിലെടുക്കുകയും ഭൂമിയുടെ മൊത്തം താല്പര്യം മുന്‍‌നിര്‍ത്തി സാങ്കേതിക വിദ്യയുടെ ലഭ്യത (ബൗദ്ധിക സ്വത്തവകാശത്തിന്റെ ചതിക്കുഴികളില്ലാതെ) ഉറപ്പു വരുത്തുകയും സമ്പത്തിക നിധി രൂപീകരിക്കുകയും ചെയ്താല്‍ മാത്രമേ പ്രത്യാശയ്ക്കു വകയുള്ളൂ. ഇന്ത്യയുടെയും ഈ രാജ്യം നേതൃത്വം കൊടുക്കുന്ന ഒരു ചേരിയുടെയും ഈ പ്രഖ്യാപിത നിലപാടില്‍ ജയറാം രമേഷും കൂട്ടരും എത്ര മാത്രം വെള്ളം ചേര്‍ക്കും എന്നതാണ്‌ ഇനിയുള്ള ദിവസങ്ങളില്‍ കാത്തിരുന്നു കാണേണ്ടത്.

നിലവിലുള്ള രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക ക്രമങ്ങള്‍ പാടെ മാറ്റിമറിക്കുന്ന രീതിയിലുള്ള ഒരു മാറിചിന്തിക്കല്‍ ഇല്ലെങ്കില്‍ ആഗോളതാപനം എന്ന പ്രശ്നം അപരിഹാര്യമായി അങ്ങനെ തന്നെ കിടക്കും. മറ്റൊരു പോംവഴി ആഘാതം പരമാവധി കുറയ്ക്കുക എന്നതാണ്‌. ഇതു തന്നെയായിരിക്കണം കോപ്പന്‍‌ഹേഗനില്‍ പത്ത് ദിവസം നടക്കുന്ന വാദപ്രതിവാദങ്ങളില്‍ പങ്കെടുക്കുന്നവരുടെയും ഉള്ളിലിരിപ്പ്, പുറത്ത് പറയുന്നില്ലെങ്കിലും.

1 + (-1) = 0  എന്ന രീതിയിലുള്ള കാര്‍ബ്ബണ്‍ വിപണന രീതികളിലൂടെ തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് തലയൂരാനുള്ള വികസിത ലോകത്തിന്റെ ശ്രമം ആതിഥേയരായ ഡെന്മാര്‍ക്കിന്റെ നിര്‍ദ്ദേശങ്ങളിലൂടെ വെളിവാക്കപ്പെട്ടു. ഈ കുരുക്കില്‍ നമ്മളും വീഴുമോ എന്നു ഉറപ്പിച്ചു പറയാന്‍ ഇനിയും കാത്തിരിക്കണം.  ഇതു വരെ കൂടെ നിന്ന ഒരു ബ്ലോക്കിനെ വഞ്ചിച്ച് ജി-20 ല്‍ ചേരുന്നതായിരിക്കും നമ്മുടെ ‘നിലവാര’ത്തിന്‌ ചേര്‍ന്നത് എന്ന് ജയറാം രമേഷ് മന്മോഹന്‍ സിങിന്റെ ചെവിയില്‍ ഓതിയ വാര്‍ത്ത ഈയിടെ പുറത്തു വന്നതാണല്ലോ. ഇതിന്റെ കൂടെ വായിക്കേണ്ട മറ്റൊരു വസ്തുതയുണ്ട് – അമേരിക്കന്‍ ഇന്ത്യക്കാരായ കുറേ ശാസ്ത്രജ്ഞര്‍  തുടര്‍ച്ചയായി ലേഖനങ്ങളും, സെമിനാറുകളും ഒക്കെ വഴി ഇന്ത്യയുടെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ കൊണ്ടു പിടിച്ച ശ്രമം നടത്തിയിരുന്നു.

ദീര്‍ഘവീക്ഷണത്തോടെയുള്ള ചില ചുവടുകള്‍ സര്‍ക്കാര്‍ കൈക്കൊണ്ടു എന്നത് വിസ്മരിക്കുന്നില്ല. എട്ട് കാലാവസ്ഥാ മിഷനുകള്‍ പ്രഖ്യാപിച്ച് അവയില്‍ രണ്ടെണ്ണം ഇതിനകം പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. അതിശക്തമായ ബോധവല്‍ക്കരണ യജ്ഞമാണ്‌ ഇതിന്റെ അടുത്തപടിയായി വേണ്ടത്. ഇവിടെയാണ്‌ ഭരണകൂടത്തിന്റെ ദിശാബോധവും ഇഛാശക്തിയും പരീക്ഷിക്കപ്പെടുക. ഈ വെല്ലുവിളി എത്ര മാത്രം അത്മാര്‍ഥമായി ഏറ്റെടുക്കുവാന്‍ നമുക്കു കഴിയുന്നു എന്നതിനനുസരിച്ചിരിക്കും ഇനി വരുന്ന നാളുകളില്‍ ലോക ക്രമത്തില്‍ നമ്മുടെ സ്ഥാനം. അല്ലാതെ സുരക്ഷാ സമിതിയിലെ സ്ഥിരാംഗത്വം ഉണ്ടോ ഇല്ലയോ എന്ന് നോക്കിയായിരിക്കില്ല.

Advertisements