Posted tagged ‘കോണ്‍ഗ്രസ്’

തരൂരും ചില സത്യങ്ങളും

ജനുവരി 10, 2010
ചില സത്യങ്ങള്‍. പരമമായ ചില സത്യങ്ങള്‍. അതിങ്ങനെ ഒരു വിധം എല്ലാവര്‍ക്കും അറിയുന്നതൊക്കെ തന്നെയാണ്‌. എന്നാലും ആരും അങ്ങനെ വിളിച്ചു കൂവി നടക്കില്ല. അപ്രിയ സത്യമായതു കൊണ്ടാവണം, കേള്‍ക്കാനും പലരും തയ്യാറല്ല. അങ്ങനെ കാലം കഴിക്കുന്നതിനിടെയാണ്‌ ഒരു സത്യവാന്‍ അവതരിക്കുന്നത്. അവതാരം എന്നു തന്നെ ഞാന്‍  പറയും. നൂലിലോ മറ്റോ കെട്ടിയിറക്കി എന്നൊക്കെ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ പറയുമായിരിക്കും. ഡല്‍ഹി നായരെന്ന് പണിക്കരമ്മാവനും പറയും. പക്ഷേ അങ്ങനെ കൊച്ചാക്കാന്‍ നമ്മളില്ലേ..


പുതിയ സന്ദര്‍ശക വീസാ ചട്ടങ്ങള്‍ക്കെതിരേ റ്റ്വിറ്ററില്‍ “ആഞ്ഞടിച്ച” ആ ധീരന്‌ ആരാധകരുടെ എണ്ണം വീണ്ടും കൂടി. കോണ്‍ഗ്രസ്സുകാര്‍ പതിവു പോലെ വാളെടുത്തു. “തലയിരിക്കുമ്പൊ വാലാടേണ്ട”  എന്ന് കൃഷ്ണ മന്ത്രി.    രാഷ്ട്രീയക്കാരനല്ലാത്ത തരൂരിന്‌ അരാഷ്ട്രീയക്കുഞ്ഞുങ്ങളുടെ അതിഭയങ്കര പിന്തുണ. “സത്യം പറഞ്ഞവനെ ക്രൂശിക്കുന്നേ” എന്നായി നിലവിളി.
അതിലാരും തന്നെ ചോദിച്ചില്ല “ഇതൊക്കെയാണ്‌ ഇവിടെ പരിപാടിയെന്ന് വരുന്നതിനു മുന്‍പേ അറിയാമായിരുന്നില്ലേ?” എന്ന്. ഒരു സുപ്രഭാതത്തില്‍ ഖദറിട്ടപ്പോഴും പിറ്റേന്ന് പത്രികയും സമര്‍പ്പിച്ച് തിരഞ്ഞെടുപ്പിനു നിന്നപ്പോഴും മന്ത്രിപ്പണി തന്നെയായിരുന്നല്ലോ ലക്ഷ്യം. സത്യം തുറന്നു പറയാനായിരുന്നെങ്കില്‍ ഒരുപാട് വഴികള്‍ വേറെയുണ്ടല്ലോ. സുതാര്യതയാണ്‌ ലക്ഷ്യമെങ്കില്‍ ഇനി വിദേശകാര്യ വകുപ്പില്‍ നടക്കുന്ന കാര്യങ്ങളെല്ലാം – എല്ലാം – പൊതുജനങ്ങള്‍ക്ക് അപ്പപ്പോള്‍ എത്തിച്ചു കൊടുക്കാന്‍ ഒരു റ്റ്വിറ്റര്‍ എക്കൗണ്‍ട് തുടങ്ങാല്ലോ.. അവിടെ റ്റ്വീറ്റുന്നത് പക്ഷേ അവനവന്‌ തോന്നുന്നത് ‘മാത്രം’ ആയിരിക്കരുത്. സത്യവും സുതാര്യതയും ഇട്ടാ വട്ടത്തില്‍ ഒതുക്കരുതല്ലോ.  ചേട്ടന്‍ മന്ത്രി പറഞ്ഞതും കേട്ട് മിണ്ടാതിരുന്നപ്പോ ആരാധകരുടെ ഒച്ചപ്പാടൊന്നും വലുതായി കേട്ടില്ല. സത്യത്തിനൊന്നും പഴയ വിലയില്ലെന്നേ..


ഇപ്പോ ദേ ആശാന്‍ മറ്റൊരു സത്യവുമായി വന്നിരിക്കുന്നു. ഗാന്ധിയും നെഹ്റുവും  ഇന്ത്യന്‍ വിദേശകാര്യ നയം മറ്റുള്ളവര്‍ ചെയ്യുന്നതിന്റെ ഒരു റണ്ണിംഗ് കമന്ററി പോലെയാണ്‌ രൂപപ്പെടുത്തിയത് എന്ന് പ്രസംഗിച്ചിരിക്കുന്നു. വാളുമായി വീണ്ടും കാങ്ക്രസ്സ് ഇറങ്ങി. ആരാടാ നെഹ്രുവിനെ പറ്റി പറഞ്ഞത്. അദ്ദേഹം കാട്ടിത്തന്ന പാതയിലൂടെ വളരെയധികം കഷ്റ്റപ്പെട്ടിട്ടാണെങ്കിലും രാജ്യത്തെ ഒരുവിധം ഞങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുമ്പോഴാണ്‌ ഒരുത്തന്‍ വേണ്ടാതീനം പറയുന്നത്. ഇതൊക്കെ നമ്മള്‍ “നാലതിരുകള്‍ക്കുള്ളില്‍” ഇരുന്നു കൊണ്ട് പറയേണ്ടതല്ലേ. ഖദറൊക്കെയാണ്‌ വേഷമെങ്കിലും ഏതാണ്ട് ഇതേ അഭിപ്രായം തന്നെയാണ്‌ കാങ്ക്രസ്സില്‍ പലര്‍ക്കും. പലര്‍ എന്നാല്‍ സ്വന്തമായി എന്തെങ്കിലും ഒരു  അഭിപ്രായമുള്ള ചിലരില്‍ പലര്‍ എന്നര്‍ത്ഥം.


കാര്യങ്ങളുടെ മൊത്തം ഒരു കിടപ്പ് പരിശോധിച്ചാല്‍ കോണ്‍ഗ്രസ്സും തരൂരൂം കൂടി നടത്തുന്ന ഈ റ്റോം ആന്‍ഡ് ജെറി കളി മനസ്സിലാകും. തരൂര്‍ ചില സത്യങ്ങള്‍ വിളിച്ചു പറയും. ഒരു പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് അതിനെ എതിര്‍ക്കും. അഞ്ചാറ് ലക്ഷം പേര്‍ പിന്നെ അതിങ്ങനെ റ്റ്വീറ്റി റ്റ്വീറ്റി കളിക്കും. ആരെങ്കിലും മൂപ്പരുടെ ചെവിക്ക് പിടിക്കുമ്പോള്‍ അങ്ങേര്‌ ആ സത്യം വിഴുങ്ങും. കാര്യങ്ങള്‍ ഒക്കെ പഴയതു പോലെ തന്നെ തുടരും. പറയുന്നത് പലതും ഒള്ളതാണെന്ന് തരൂരിനും കോണ്‍ഗ്രസ്സിനും അറിയാം. കേല്‍ക്കുന്നവര്‍ക്കും അറിയാം. പക്ഷേ അവരില്‍ പലര്‍ക്കും അറിയാത്തത് ഒന്നുണ്ട്: ഒള്ളതെല്ലാം പറയുന്നില്ലാ എന്നത്. ആ ചെവി പിടിയുടെ ആഘാതത്തില്‍ വിഴുങ്ങിയ സത്യത്തിന്റെ രുചിയില്‍ വീണ്ടും കോണ്‍ഗ്രസ്സിന്റെ ഫ്യൂഡല്‍ രീതികളിലേക്ക് ഊളിയിടും. സത്യം പറഞ്ഞാല്‍ മാത്രം പോരല്ലോ..
Advertisements

കുടുംബവാഴ്ച – പുതിയ എപ്പിസോഡ്

സെപ്റ്റംബര്‍ 4, 2009

അങ്ങനെ വീണ്ടും ഇതാ മറ്റൊരു മകന്‍ കൂടി. ആന്ധ്രാ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജഗന്മോഹന്‍ റെഡ്ഡിയെ ‘നിര്‍ബന്ധി’ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായി വാര്‍ത്തകള്‍ വരുന്നുണ്ട്. എത്ര ആലോചിചിട്ടും കോണ്‍ഗ്രസ്സിന്റെ ഈ അസുഖം മനസ്സിലാവുന്നില്ല. എസ്.പി, എന്‍.സി.പി, ടി.ഡി.പി, ജനതാ ദളുകള്‍ (യു ഒഴിച്ച്), നാഷണല്‍ കോണ്‍ഗ്രസ്, ശിവസേന, ഡി.എം.കെ, ഒരു പരിധി വരെ ബി.ജെ.പിയിലും ബന്ധുരാഷ്ട്രീയത്തിന്റെ അതിപ്രസരമുണ്ടെന്ന വസ്തുത മറക്കുന്നില്ല. ഈ പട്ടികയിലെ മിക്ക പാര്‍ട്ടികളുടെയും അസ്ഥിത്വം തന്നെ ഒന്നോ രണ്ടോ വ്യക്തികളെ ചുറ്റിപറ്റിയാണ്‌ എന്നതാവാം കാരണം. കോണ്‍ഗ്രസ്സിന്റെ നിലനില്പ് നെഹ്രു-ഗാന്ധി കുടുംബത്തിന്റെ അടുക്കളഭാഗത്ത് തന്നെയാണ് എന്നതും ഒരു വസ്തുതയാണ്‌. നട്ടെല്ല് ജന്മനാ ഇല്ലാതായാല്‍ പറഞ്ഞിട്ട് കാര്യമില്ല.

പക്ഷേ ഇവിടെ കാര്യങ്ങള്‍ അത്ര നിസ്സാരമല്ല. ഏതൊരു നേതാവ് അകാലത്തില്‍ മരിച്ചാലും കുടുംബാംഗങ്ങള്‍ അധികാരത്തില്‍ അവരോധിക്കപ്പെടണം എന്ന എഴുതപ്പെടാത്ത നിയമം എങ്ങനെ നടപ്പാക്കപ്പെടുന്നു എന്നത് പൊതു ചര്‍ച്ചയ്ക്ക് വിധേയമാകേണ്ട വിഷയമാണ്‌. സര്‍ക്കാര്‍ സര്‍‌വീസിലിരുന്ന് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഒരു ജോലി കിട്ടാന്‍ ഈ നാട്ടില്‍ എത്ര ഫയലുകള്‍ പൊക്കണമെന്നും എത്ര പേരെ കാണണമെന്നും ആലോചിച്ചാല്‍ തന്നെ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന ലാഘവബുദ്ധി എത്ര മാത്രം അപഹാസ്യമാണെന്ന് മനസ്സിലാകാന്‍.

ജഗന്മോഹന്‍ റെഡ്ഡി ഇതാദ്യത്തെ ഉദാഹരണമല്ലല്ലോ. വിമാനം ഓടിച്ചു നടന്ന ആളെ പിടിച്ച് പ്രധാനമന്ത്രി ആക്കിയ ടീമല്ലേ.. രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ രംഗപ്രവേശം സഞയ് ഗാന്ധിയുടെ മരണത്തോടെയായിരുന്നു (1980). ‘നിര്‍ബന്ധം’ തന്നെയായിരുന്നു കാരണം. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ വധിക്കപ്പെട്ട ഒഴിവിലേക്ക് പ്രധാനമന്ത്രിയായി ‘നിയോഗം’. ഇവിടെയും ‘നിര്‍ബന്ധം’ പ്രധാന പങ്ക് വഹിച്ചിരുന്നു. നിര്‍ബന്ധത്തിന്റെ മറ്റ് ഉദാഹരണങ്ങള്‍ സോണിയ ഗാന്ധിയുടെ കാര്യത്തിലും രാഹുലിന്റെ കാര്യത്തിലും നാം കണ്ടതുമാണല്ലോ. (പ്രിയങ്കയെ പലരും ചേര്‍ന്ന് ഒരുപാട് നിര്‍ബന്ധിക്കുന്നണ്ട്.. എന്തു ചെയ്യാന്‍ ആയമ്മ ‘ഇതുവരെ’ വഴങ്ങിയിട്ടില്ല).

തിരിച്ച് പ്രധാന വിഷയത്തിലേക്ക് വരാം. ഇവിടെ നിര്‍ബന്ധിക്കുന്നവര്‍ ആരാണ്‌? ഇത്തരം കുടുംബവാഴ്ച്ചകള്‍ എന്തുകൊണ്ടാണ്‌ ശക്തമായി എതിര്‍ക്കപ്പെടാത്തത്? മാധവറാവു സിന്ധ്യയ്ക്ക് ജ്യോതിരാദിത്യയും രാജേഷ് പൈലറ്റിന്‌ സച്ചിനും സുനില്‍ദത്തിന്‌ പ്രിയാദത്തും പകരക്കാരാകുന്നതിന്റെ യുക്തി അന്വേഷിച്ച് വെറുതേ സമയം കളയുന്നതില്‍ കാര്യമില്ല. യാതൊരു യുക്തിയുമില്ല എന്നത് തന്നെ കാരണം. ആരുടെയൊക്കെയോ താല്പര്യങ്ങള്‍ ആണ് ഇതിന്റെ പുറകില്‍ എന്ന സംശയത്തിലേക്കാണ്‌ ചരിത്രം വിരല്‍ചൂണ്ടുന്നത്. ഒരു കോക്കസിന്റെ നിയന്ത്രണത്തിലാണ്‌ കോണ്‍ഗ്രസ് പാര്‍ട്ടി. അതിന്റെ political interface മാത്രമാണ്‌ സോണിയാഗാന്ധി. അതുപോലെയാകണമെന്നില്ല ആന്ധ്രയിലെ കാര്യം. എന്നാലും ‘നിര്‍ബന്ധ ബുദ്ധി’ കളുടെ ശല്യം അവിടേയും കൂടുതലാണ്‌.

അപകടമരണത്തിന്റെ പശ്ഛാത്തലത്തിലാവുമ്പോള്‍ അധികമാരാലും എതിര്‍ക്കപ്പെടാതെ സ്ഥാനരോഹണം നടക്കുന്നു. അതുകൊണ്ട് തന്നെ രാജശേഖര റെഡ്ഡിയുടെ മരണത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നതോടൊപ്പം dynasty politicsന്റെ പുതിയ ഒരേട് കൂടി ഇന്ത്യക്ക് സമ്മാനിച്ച കോണ്‍ഗ്രസ്സിന്റെ മഹത്തായ പാരമ്പര്യത്തിന്റെ മുന്‍പില്‍ നമിക്കുന്നു.. (ഇതെല്ലാം കണ്ടോണ്ടിരിക്കുന്ന കോണ്‍ഗ്രസ്സുകാരേ.. കഷ്ടം..)