Posted tagged ‘പൊതുമേഖല’

എന്ത് കൊണ്ട് ചര്‍ച്ച ചെയ്യാന്‍ ഭയപ്പെടുന്നു?

മേയ് 29, 2009

ചില കാര്യങ്ങള്‍ അങ്ങനെയാണ്‌. നിങ്ങള്‍ തെരുവിലിറങ്ങി വിളിച്ചുകൂവി നടന്നതുകൊണ്ടോ ലേഖനമെഴുതിയതുകൊണ്ടോ കാര്യമില്ല.
ശ്രദ്ധിക്കപ്പെടരുത് എന്ന് ചിലര്‍ തീരുമാനിച്ചാല്‍ അതങ്ങനെതന്നെ നടക്കും. കേരളത്തിലെ വ്യവസായ രംഗത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി കാണുന്ന പുതിയ ദിശാബോധം തന്നെയാണ്‌ വിഷയം.
പ്രേരകമായത് വ്യവസായ മന്ത്രി എളമരം കരീമിന്റെ ലേഖനം ജാഗ്രതയില്‍ വായിക്കാനിടയായതും.

ലോക്സഭാ തിരഞ്ഞെടുപ്പും ഫലവും വിശകലനവും ആത്മപരിശോധനയും എല്ലാം നിറഞ്ഞ് നില്‍ക്കുന്ന കാലഘട്ടത്തിലായിപ്പോയി എന്നതുകൊണ്ട് മാത്രമാണോ തുല്യതയില്ലാത്ത ഈ നേട്ടം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത്? സംശയമാണ്‌.

കേരളത്തിലെ ഒരു വ്യവസായമന്ത്രിക്കും അവകാശപ്പെടാന്‍ കഴിയാത്ത നേട്ടമെന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം.
കോടികളുടെ ലാഭക്കണക്ക് മാത്രമല്ല ഇങ്ങനെ പറയാനുള്ള പ്രേരണ. വ്യക്തമായ ഒരു കാഴ്ച്ചപ്പാടും അതിന്റെ അടിസ്ഥാനത്തിലുള്ള പരിപാടികളുമാണ്‌ വിപ്ലവകരമായ ഈ മാറ്റത്തിന്‌ പുറകിലെ ഊര്‍ജ്ജം.  തീര്‍ച്ചയായും ഗഹനമായ പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ട വിഷയമാണിത്. പ്രത്യേകിച്ച് വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം മുതലായ അടിസ്ഥാനമേഖലകളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും സ്വകാര്യ മൂലധനത്തിന്‌ പൂര്‍ണ്ണമായും വഴിമാറിക്കൊടുക്കണമെന്നുമുള്ള മുതലാളിത്ത പ്രഘോഷണങ്ങള്‍ വേദവാക്യങ്ങളായെടുക്കുന്ന ഒരു ശ്രേഷ്ഠവിഭാഗം ഭരണകൂടങ്ങളിലും മാധ്യമ സാംസ്കാരിക രംഗങ്ങളിലും നിര്‍ണായകസ്വാധീനമുള്ള ശക്തിയായി മാറിക്കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലഘട്ടത്തില്‍. കേവലം എളമരം കരീം എന്ന വ്യക്തിയുടെ നേട്ടമെന്ന നിലയിലോ കേരള സര്‍ക്കാരിന്റെ നേട്ടമെന്ന നിലയിലോ മാത്രം ഇതിനെ ഒതുക്കി നിര്‍ത്തുന്ന കാപട്യമാണ്‌ തിരിച്ചറിയപ്പെടേണ്ടത്. ഇടത് സര്‍ക്കാറിന്റെ ഭരണ നേട്ടം തന്നെയാണെന്ന വസ്തുത ഉള്ളിന്റെയുള്ളില്‍ തിരിച്ചറിഞ്ഞാല്‍‌പ്പോലും ആ ഒരൊറ്റ കാരണംകൊണ്ടൊരു സം‌വാദത്തിന്‌ കൂട്ടാക്കാത്ത നല്ലൊരു ശതമാനം ജനങ്ങള്‍ കേരളത്തിലുണ്ടെന്ന തിരിച്ചറിവാണ്‌ സങ്കുചിതമായ തലങ്ങളില്‍ ഈ വിഷയം ഒതുക്കപ്പെട്ടത്.  പ്രത്യയശാസ്ത്രത്തിന്റെയോ രാഷ്ട്രീയ സാമ്പത്തിക നിലപാടുകളുടെയോ തലങ്ങളിലേക്ക് ഈ വിഷയത്തെ ആസ്പദമാക്കിയുള്ള ചര്‍‌ച്ചകള്‍ ഉയരാത്തതിനു പുറകിലും ഇത്തരം സ്ഥാപിത താല്പര്യങ്ങള്‍ തന്നെയാണ്‌.

ഒരുകാലത്ത് ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍‌ക്കും വിഷയമായ കേരളമോഡലിന്റെ ചില മിന്നലാട്ടങ്ങള്‍ ഈ മാറ്റങ്ങളില്‍ വ്യക്തമാണ്‌. ഇടതുപക്ഷ ആശയങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ഈ വ്യവസായ നയവും അതിന്റെ പ്രത്യക്ഷമായ വിജയവും മുഖ്യമായും രണ്ട് വാദമുഖങ്ങളെയാണ്‌ ഖണ്ഡിക്കുന്നത് – കേരളത്തിലെ ഇടതുപക്ഷം പ്രഖ്യാപിത നയങ്ങളില്‍ നിന്ന് വ്യതിചലിച്ച് പൂര്‍‍‌ണ്ണമായും വലത്തോട്ട് പോയി എന്നതാണ്‌ ആദ്യത്തേത്. (വ്യതിയാനങ്ങള്‍ ഇല്ലെന്നല്ല. പൊതുസമൂഹത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളില്‍ പലതും കമ്മ്യൂണിസ്റ്റ്കാരിലും പ്രതിഫലിക്കുന്നുണ്ട്) . ‘പഴഞ്ചന്‍’  എന്ന മുദ്രകുത്തലും, കാര്യക്ഷമത എന്നത് സ്വകാര്യ മൂലധനത്തിന്റെ മാത്രം ഉല്പ്പന്നമാണെന്നതാണ്‌ പൊളിഞ്ഞ രണ്ടാമത്തെ വാദം. ഇതു രണ്ടിന്റേയും ഉദ്ദേശം ഒന്നാണെങ്കിലും രണ്ട് വ്യത്യസ്ഥ വിഭാഗങ്ങളെ ലക്ഷ്യമാക്കിയുള്ള വാദങ്ങളാണ്‌.  അതുകൊണ്ട് തന്നെയാണ്‌ ഈ രണ്ടിന്റെയും മുനയൊടിക്കാന്‍ പ്രാപ്തിയുള്ള ദിശാബോധമുള്ള ഇത്തരം പ്രവര്‍‌ത്തനങ്ങളെ അന്ധകാരത്തിലാഴ്ത്താന്‍ സംഘടിത ശ്രമം നടക്കുന്നത്.

സര്‍‌ക്കാറിനും മന്ത്രിക്കും വകുപ്പിനും തൊഴിലാളികള്‍ക്കും ആശംസകള്‍ അര്‍പ്പിക്കുന്നതോടൊപ്പം ഒരു ആശങ്കയും പങ്കു വെയ്ക്കട്ടെ:

പുതിയതും പഴയതുമായ വ്യവസായ ശാലകള്‍ പുനര്‍ജന്മം കിട്ടി വരുമ്പോള്‍ പരിസ്ഥിതിയിലുണ്ടാക്കുന്ന ആഘാതങ്ങള്‍ കുറയ്ക്കുന്നതിനും ഉള്ളതു നേരിടുന്നതിലും പതിവ് രീതികള്‍ വിട്ട് കൂടുതല്‍ ഉത്തരവാദിത്വബോധം കമ്പനികളില്‍ നിന്ന് പ്രതീക്ഷിക്കാമോ?

Advertisements