Posted tagged ‘പ്രണയം’

ഗോവര്‍ധന്റെ പ്രണയവും ചില പ്രശ്നങ്ങളും

ജനുവരി 4, 2010

ഒരു മകന്‍ പിറന്നു. ഗോവര്‍ധന്‍.  നാലുമാസമാവാറായി. ബാധ്യത, ഉത്തരവാദിത്വം അങ്ങനെ ‘ഭാരങ്ങള്‍’ വീണ്ടുംകൂടിയല്ലോ എന്നോര്‍ത്ത് പലരും സഹതപിച്ചു. ഇരുപത്തിമൂന്നില്‍ കല്യാണം കഴിച്ചപ്പോ കിട്ടിയ സഹതാപത്തിന്റെ അത്ര വരില്ല കേട്ടോ ഇത്. എന്നാലും അവരുടെ ഒരു സമാധാനത്തിനു വേണ്ടി ഞാന്‍ ബാബു നമ്പൂതിരി സ്റ്റൈലില്‍ ചില ദീര്‍ഘനിശ്വാസങ്ങള്‍ പുറപ്പെടുവിക്കും.

സാധാരണ അച്ഛനമ്മമാരുടെ വ്യാകുലതകള്‍ പലതും ഞങ്ങള്‍ക്കുള്ളതായി തോന്നുന്നില്ല. കേരളത്തില്‍ സര്‍ക്കാര്‍ സ്കൂളുകള്‍ ഉള്ള കാലത്തോളം വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ടെന്‍ഷന്‍ ഇല്ല. ചിലരൊക്കെ പേടിക്കുന്ന പോലെ അല്പം ‘സ്റ്റാന്‍ഡേര്‍ഡ്’ കുറഞ്ഞാലും കുഴപ്പമില്ല, അവന്‍ അങ്ങ് വളര്‍ന്നോളും എന്ന ഉത്തമ വിശ്വാസം.. “ഡാ മോനെ, അപ്പയെ ഇടയ്ക്കിടെ സ്കൂളില്‍ വിളിപ്പിച്ച് ബുദ്ധിമുട്ടിക്കരുതേ” എന്ന ഒറ്റ അപേക്ഷ മാത്രമേ അവന്റെ മുന്നില്‍ വെക്കുന്നുള്ളൂ. ഇക്കാര്യത്തില്‍ എന്റെ റോള്‍ മോഡല്‍ എന്റെ സ്വന്തം പിതാശ്രീ തന്നെ. ആദ്യമായി ഒരു സ്കൂളിന്റെ പടി കയറുമ്പോള്‍ പുള്ളി കമ്പനി തന്നു എന്നതൊഴിച്ചാല്‍ പിന്നീടുള്ള പത്തു-പതിനെട്ട് കൊല്ലത്തെ സ്കൂള്‍-കോളേജ് ജീവിതത്തിനിടെ അറിയാതെ പോലും അങ്ങോര്‍ ആ വഴി വന്നിട്ടില്ല !! ചുരുക്കി പറഞ്ഞാ അവനെ വളര്‍ത്തണ്ടേ എന്ന ചിന്ത ഇല്ല. വളര്‍ത്തുന്നതിലും നല്ലത് വളരുന്നതല്ലേ..?

ഇനി അടുത്ത പ്രശ്നം, ജാതികളും മതങ്ങളും മറ്റും.. തള്ളേ ഇതു പ്രശ്നാവും കേട്ടാ.. ദൈവം തമ്പുരാന്‍ സഹായിച്ച് ഒന്‍പതാം ക്ലാസ്സില്‍ വെച്ച് അവളെ ലൈനടിക്കുമ്പോ വിവരം വളരെ കുറവായിരുന്നു. അതുകൊണ്ട് ജാതിമതങ്ങളെ പറ്റിയുള്ള യാതൊരു  റ്റെന്‍ഷനും ഉണ്ടായിരുന്നില്ല. അല്ലെങ്കില്‍ ഒന്‍പതാം തരക്കാരന്‍ പത്തിലെ പെണ്ണിനെ എന്തു ധൈര്യത്തില്‍ പ്രേമിക്കും?
( ശബ്ദം താഴ്ത്തിക്കൊണ്ട്:  “അതും ‘താഴ്ന്ന’ ജാതി !!! ശിവ ശിവ, മഹാപാപം!!!” )
“എന്റെ കാര്യം പോട്ട്, നിന്റെ തലയില്‍ എന്തരായിരുന്നു” എന്ന് ഞാന്‍ ഇന്നലെയും കൂടി അവളോട് ചോദിച്ചതാണ്‌.

പക്ഷേ എന്റെ മോന്‍ ഒന്‍പതിലെത്തുമ്പോ സംഗതി പ്രശ്നമാകും. ഇക്കാലത്തെ പ്രേമം അത്ര എളുപ്പമല്ല എന്ന് അവന്‍ വേദനയോടെ തിരിച്ചറിയില്ലേ? (‘ഒന്‍പതിലെത്തുമ്പോ’ എന്നൊക്കെ പറഞ്ഞെന്നേയുള്ളൂ.. ശരിക്ക് രണ്ടിലെത്തുമ്പോ എന്നൊക്കെ വേണ്ടി വരും).

അവന്റെ കാര്യത്തില്‍ ഈയൊരു ആധിയാണ്‌ ഞങ്ങളെ അലട്ടുന്ന പ്രധാന പ്രശ്നം. ചില നേരങ്ങളില്‍ അവനും അതൊക്കെയാലോചിച്ച് ചിന്താനിമഗ്നനനാവാറുണ്ട്. (അത്തരമൊരു നിമിഷം ഞാന്‍ ക്യാമറയില്‍ പകര്‍ത്തിയതാണ്‌ ഈ കാണുന്ന ചിത്രം <=== ).

എന്തായാലും ജാതിയും മതവും നോക്കാതെ പ്രണയിക്കാനുള്ള സര്‍‌വപിന്തുണയും അവന്‌ വാഗ്ദാനം ചെയ്താലോ എന്ന് ആലോചിക്കുകയാണ്‌ ഞങ്ങള്‍. പക്ഷേ അതുകൊണ്ടൊന്നും പ്രശ്നങ്ങള്‍ തീരുന്നില്ലല്ലോ. ഒരു പക്ഷേ കൂടുതല്‍ സങ്കീര്‍ണമാകുന്നതു പോലെ.  പ്രണയിക്കുന്നത് വരെ എത്തുന്നതിനു മുന്‍പേ പ്രശ്നങ്ങളായിരിക്കും..  ഒന്ന് ക്രമാനുസൃതമായി പറഞ്ഞു നോക്കാം..

ആദ്യമായി സ്കൂളില്‍ ചേര്‍ക്കണം. അപ്പൊ ദേ ഭീകരമായ ഒരു പ്രശ്നം. അബ്ദുറഹ്മാനും ലക്ഷ്മിയുമായി ഞാനും സൂര്യയും. ജീവനായി ഗോവര്‍ധന്‍.. ഏഡ് മാഷ് മതം ചോദിക്കും.. ഞാനെന്തു പറയണം? രണ്ട് വഴികള്‍.. ഹിന്ദു അല്ലെങ്കില്‍ ‘മതരഹിതന്‍’. രണ്ടാളും കടുത്ത നിരീശ്വരവാദികള്‍ അല്ലാത്തത് കൊണ്ട് ആദ്യത്തേതാവാനാണ്‌ കൂടുതല്‍ സാധ്യത. ഏഴാം ക്ലാസ്സിലെ പുസ്തകത്തിലെ പോലെ പിന്നീട് സ്വയം തീരുമാനിക്കാന്‍ അവസരം കൊടുക്കുന്നതിനോടും യോജിപ്പാണ്‌.
അടുത്തത് ജാതി – യാതൊരു സംശയവുമില്ല, ആ കോളം ബ്ലാങ്ക്.. ഇതിന്റെ പേരില്‍ ഇനി എന്തെല്ലാം പുകിലാണോ ഉണ്ടാവുക !!
അങ്ങനെ പേരിന്റെ മുന്നിലും പിന്നിലും ഒക്കെ ജാതിവാലുകളുള്ള സഹപാഠികളുടെ കൂടെ സ്കൂളില്‍ കളിച്ച്  ആര്‍മാദിക്കുന്നതിനിടയിലായിരിക്കും ഒരു ദിവസം വീട്ടില്‍ വന്ന് ചോദിക്കുന്നത് :
” അമ്മേ ഞാന്‍ ഹിന്ദുവാണോ അതോ നായരോ? “.
“അതായത് മോനേ…  ”        പറഞ്ഞു തുടങ്ങണം.

അങ്ങനെ ജാതിയുടെയും മതത്തിന്റെയും പ്രസക്തിയും അപ്രസക്തിയും പറഞ്ഞാല്‍ മനസ്സിലാകുന്ന പ്രായം വരെ ജീനുകളില്‍ ഉറങ്ങിക്കിടക്കുന്ന കാമുകഭാവം ഉണര്‍ത്താതിരുന്നാല്‍ അവനു കൊള്ളാം. ഇല്ലെങ്കില്‍ പിന്നെ
” പ്രണയം തുറന്നുപറഞ്ഞപ്പോ അവളെന്നോട് ജാതി ചോദിച്ചു അപ്പാ.  എനിക്കാ സാധനം ഇല്ലാ എന്നു പറഞ്ഞപ്പോ, താനേത് നാട്ടുകാരനാഡോ എന്നവളെന്നോട് ചോദിച്ച്…”    എന്നു വാവിട്ട് കരയേണ്ടി വരും. ആലോചിച്ചു നോക്കൂ, അച്ഛനമ്മമാരുടെ ഓരോരോ പ്രശ്നങ്ങള്‍ , അല്ലേ..?

Advertisements