പത്രങ്ങള്‍ വിഴുങ്ങിയ വനിതാ സം‌വരണ ബില്‍


ഫോര്‍ത്ത് എസ്റ്റേറ്റിന്‌ ജനാധിപത്യത്തില്‍ അതിന്റേതായ സ്ഥാനമുണ്ട്. അതിന്റെ പ്രാധാന്യം സമൂഹം മനസ്സിലക്കിയതു കൊണ്ട് തന്നെയാണ്‌ അടിച്ചമര്‍ത്തല്‍ ശ്രമങ്ങള്‍ സവിശേഷ ശ്രദ്ധ പിടിച്ചുപറ്റാറുള്ളതും അതിശക്തമായ പ്രതിഷേധം ഉയര്‍ന്നു വരാറുള്ളതും. അടിയന്തരാവസ്ഥയും സെന്‍സര്‍ഷിപ്പുമെല്ലാം നീറുന്ന ഓര്‍മ്മകളായി ഇന്നും പ്രസക്തമാണ്‌. ഇത്രയും പറയുന്നത് മാധ്യമ മേഖലയ്ക്ക് സമൂഹം കല്പ്പിച്ചു കൊടുത്ത ഈ സ്വാതന്ത്ര്യം ചില മുന്‍‌വിധികളുടെ അടിസ്ഥാനത്തിലാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും ഓര്‍മ്മപ്പെടുത്താനാണ്‌.
ജനപക്ഷ ചിന്തയുടെയും നിഷ്പക്ഷതയുടെയും അന്ത:സത്ത കലര്‍പ്പ് കലരാതെ സൂക്ഷിക്കും എന്ന മുന്‍‌വിധി.

2009 സെപ്റ്റംബര്‍ 16നു കേരള നിയമസഭ സുപ്രധാനമായ ഒരു ബില്‍ പാസാക്കി നിയമമാക്കി. ഇതിന്റെ പ്രാധാന്യം അറിയാത്തതു കൊണ്ടല്ല നമ്മുടെ പല ‘നിഷ്പക്ഷ’ മാധ്യമങ്ങളും ആ വാര്‍ത്ത മുക്കിയത്. 1994 ലെ പഞ്ചായത്ത് രാജ്,മുനിസിപ്പല്‍ നിയമത്തില്‍ വരുത്തിയ ഭേദഗതി റിപ്പോര്‍ട്ട് ചെയ്ത രീതി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്‌. മാതൃഭൂമിയിലോ മനോരമയിലോ മഷിയിട്ട് നോക്കിയിട്ടു പോലും ഈ വാര്‍ത്ത കാണാന്‍ കഴിഞ്ഞില്ല. (ഇനി എന്റെ അന്വേഷണത്തിന്റെ പ്രശ്നമാണെങ്കില്‍ ദയവായി ചൂണ്ടിക്കാണിക്കുക. വിനയത്തോടെ തിരുത്തുന്നതായിരിക്കും).

ദേശാഭിമാനിയും കേരള കൗമുദിയും ദീപികയും ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത എങ്ങനെ മനോരമയും മാതൃഭൂമിയും കാണാതെ പോയി? എന്റെ ഫോക്കസ് മാതൃഭൂമിയിലായിരുന്നു. തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ (ഭരണ സമിതികളിലും സ്റ്റാന്‍ഡിംഗ് കമ്മറ്റികളിലും അടക്കം) 50 ശതമാനം സ്ത്രീ സ‌ം‌വരണം നിയമത്തിലൂടെ ഉറപ്പു വരുത്തിയത് ഒരു വാര്‍ത്തയേ അല്ലേ? വിരുദ്ധാഭിപ്രായങ്ങള്‍ സ്വാഭാവികം, പക്ഷേ ഇതു എത്രയോ താഴ്ന്നു പോയി. “ഞങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സൗകര്യമില്ല” എന്ന് ജനങ്ങളുടെ മുഖത്ത് ആട്ടുന്ന രീതിയാണിത്.

മാതൃഭൂമിയുടെ ഇരട്ടത്താപ്പിന്‌ ചില സാക്ഷ്യങ്ങള്‍:

ആഗസ്റ്റ് മാസം 27ന്‌ ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് ഇവിടെ. കേന്ദ്ര സര്‍ക്കാര്‍ സമാന സ്വഭാവമുള്ള ബില്ലിന്‌ അംഗീകാരം നല്‍കിയതാണ്‌ വാര്‍ത്ത. അപ്പോ വാര്‍ത്ത കൊടുക്കാം, സര്‍ക്കാരാണ്‌ അഥവാ ഭരണകക്ഷിയാണ്‌ പ്രശ്നം.

കേരള നിയമസഭ കഴിഞ്ഞ ദിവസം പാസാക്കിയ ബില്ലിനെക്കുറിച്ചുള്ള വാര്‍ത്ത മാതൃഭൂമിയുടെ ഇംഗ്ലീഷ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി എന്നത് രസകരമായ മറ്റൊരു വസ്തുത. ഇതാ ലിങ്ക്.
(വെറും ” കണ്‌ട്രികളായ മലയാളീസ് ” ഇംഗ്ലീഷ് എഡിഷന്‍ വായിക്കില്ല എന്നു വീരന്‍ കരുതിയോ ആവോ !!)

അറിയാനുള്ള അവകാശം നിഷേധിക്കുന്ന ഈ കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ ഇത്തരം സമീപനങ്ങള്‍ ചോദ്യം ചെയ്യാന്‍ പാടില്ലേ?

Explore posts in the same categories: ലേഖനം

മുദ്രകള്‍: , , ,

You can comment below, or link to this permanent URL from your own site.

One Comment on “പത്രങ്ങള്‍ വിഴുങ്ങിയ വനിതാ സം‌വരണ ബില്‍”

  1. Bijin Says:

    മാതൃഭൂമി ഒന്നാം പേജില്‍ ഒരു ചെറിയ രണ്ടുകോളം വാര്‍ത്തയായി കൊടുത്തു എന്ന് ഒരു വിവരം കിട്ടിയതനുസരിച്ച് ഞാന്‍ വീണ്ടും ഇ-പേപ്പര്‍ എടുത്ത് നോക്കി. കണ്ടില്ല.. ഒരു പക്ഷേ ഏതെങ്കിലും എഡിഷന്‍ മാത്രമായി പ്രസിദ്ധീകരിക്കുമോ? അത്ര ചെറിയ വിഷയമല്ലല്ലോ…


ഒരു അഭിപ്രായം ഇടൂ