Posted tagged ‘അമേരിക്ക’

അമേരിക്ക റിട്ടേണ്‍ഡ് പഞ്ചായത്ത്‌ പ്രസിടന്റ്റ്‌

ഏപ്രില്‍ 26, 2010
എനിക്കൊരാലോചന.. കല്യാണ ആലോചനയല്ല കേട്ടോ. ഇത് വേറൊന്നാണ്‌. ഏതായാലും ഞാന്‍ അമേരിക്കന്‍ വാസം ഒക്കെ മതിയാക്കി നാട്ടിലോട്ടു തിരിച്ചു പോവാന്‍ തീരുമാനിച്ചല്ലോ. നമ്മുടെ എന്ട്രി കലക്കണം. എന്നാലെ ഒരു ഇതുള്ളൂ. പല പല വഴികള്‍ ആലോചിച്ചു. ഒരു എം എ ധവാന്‍ സ്റ്റൈലില്‍ നിക്കറും ഇട്ടോണ്ട് പോയാലോ എന്ന് മുതല്‍ പ്ലാനിങ്ങിന്റെ അഭാവത്തെ കുറ്റം പറഞ്ഞ് ലുഫ്താന്‍സയുടെ ടാഗ്-കളയാത്ത-ബാഗും തൂക്കി കുറെ കാലം നടക്കുന്ന ആ പോസ്റ്റ്‌ മോഡേണ്‍ ഐ ടി സ്റ്റൈല്‍ വരെ പരിഗണിച്ചു. പക്ഷെ അതിനൊന്നും ആ അത് കിട്ടുന്നില്ല.  ലേത്?

അങ്ങനെ ചിന്താനിമഗ്നനായി ഇരിക്കുമ്പോഴാണ് ബള്‍ബ് കത്തിയത്.  “അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അങ്ങോട്ട്‌ മത്സരിച്ചാലോ” എന്ന ചിന്ത.  അല്പം റിസ്കുള്ള പണിയാണ്.  പലരും പറഞ്ഞു വേണ്ടെന്ന്. പക്ഷെ ഞാന്‍ ഏതാണ്ട് തീരുമാനിച്ച പോലെയാണ്.
പ്രൊജക്റ്റ്‌ മാനേജര്‍ ആയി പ്രൊമോഷന്‍ ചോദിച്ചിട്ട് കിട്ടിയില്ലെന്നും അതുകൊണ്ട് ഇനി ഇവിടെ തുടരാന്‍  ധാര്‍മികമായി അവകാശമില്ല എന്ന് മനസ്സിലാക്കിയത്‌ കൊണ്ട് ഞാന്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടിയിറങ്ങിയാതാണെന്ന്  ചില അലവലാതികള്‍ അടക്കം പറയുന്നുണ്ട്. പക്ഷെ അതൊന്നുമല്ല കാര്യം.
ഒന്നാമതായി എനിക്കെന്റെ ഗ്രാമമായ മേപ്പയൂര്‍ പഞ്ചായത്തിനോട്  ഒരു വല്ലാത്ത അടുപ്പമാണ്. രണ്ടു മൂന്നു കൊല്ലം അമേരിക്കയില്‍ ജീവിച്ച എന്നെ പോലെ ഉള്ള ഒരു വിശ്വ പൌരന്‍ നാട്ടില്‍ തിരിച്ചെത്തുന്നു എന്ന് കേട്ടപ്പോ തന്നെ അവിടത്തെ “പുതിയ മേപ്പയൂരി” ന്റെ പ്രതിനിധികള്‍ എനിക്ക് ഇമെയില്‍ അയച്ചിരുന്നു. (സത്യമായിട്ടും.. ഗള്‍ഫില്‍ നിന്ന് മൂന്നു പേരും, അമേരിക്കയില്‍ നിന്നും ഓസ്ട്രേലിയയില്‍ നിന്നും ആറു പേര് വീതവും. പിന്നെ ബംഗ്ലൂരില്‍ പണിയെടുക്കുന്ന അഞ്ചാറു ഐ. ടി ക്കാരും.  പരിച്ഹേദം  തന്നെ കേട്ടാ..)
ഇനി ഇതിന്റെ പേരില്‍ ചില ഊളകള്‍ പ്രശ്നമുണ്ടാക്കും. അവരെ നേരിടാന്‍ വേണ്ടി ഞാന്‍ ചില ലാ പായിന്റുകള്‍ നോക്കി വെച്ചിട്ടുണ്ട്. ഒപ്പം എന്റെ ഒരു മോദാസ് ഒപ്പരാണ്ടിയും നിങ്ങളോടായത് കൊണ്ട് പറഞ്ഞു തരാം. ആരോടും പറയരുത്..
നായരാണ്. (  ദല്‍ഹി നായരെന്നും അമേരിക്കന്‍ നായരെന്നും ഒക്കെ ചില കെളവന്മാര്‍ വിളിക്കും. കാര്യമാക്കേണ്ട.)
നല്ല വിദ്യാഭ്യാസം. വെല്‍ എജുക്കേറ്റഡ്‌  എന്ന് മിഡില്‍ ക്ലാസ് ഭാഷയിലും  പറയാം. നിലവിലുള്ള ആളുകള്‍ക്കൊക്കെ “ഏറിപ്പോയാല്‍ അഞ്ചാം ക്ലാസ്സെന്ന്‍” പറഞ്ഞു പരത്താന്‍ കുറച്ചു ന്യൂ ഇന്ത്യന്‍സിനെ സംഘടിപ്പിക്കണം. അതത്ര വലിയ പ്രശ്നമല്ല. നേരത്തെ പറഞ്ഞ ഇമെയില്‍ ഗടികള്‍ മതിയാകും.
കാണാന്‍ നല്ല ഗ്ലാമര്‍. എന്റെ ഫോട്ടോ കണ്ടപ്പോ തന്നെ ഒരമ്മച്ചി പറഞ്ഞത്രേ:  “ഇവന്‍ തന്നെ ഇനി മേപ്പയൂരിന്റെ മുത്ത്. അടുത്ത പ്രസിഡന്റ്‌ ഇവന്‍ തന്നെ..”  അല്പമെങ്കിലും  സുന്ദരനായ ഒരുത്തനെ എനിക്കെതിരെ  കണ്ടു പിടിക്കാന്‍ പ്രതിപക്ഷം തെക്ക് വടക്ക് നടന്നു തുടങ്ങിയെന്നും ചില സംസാരങ്ങള്‍ കേട്ട്. കിട്ടാന്‍ വഴിയില്ല. അവിടെയുള്ള ബ്ലഡി ഫൂള്‍സ് ഒക്കെ വെയില്‍ കൊണ്ട് കരുവാളിച്ച മോന്തയുള്ളവരല്ലെ.
ഖദറിന്റെ തുണി വാങ്ങാന്‍ ഇപ്പോഴേ പറഞ്ഞിട്ടുണ്ട്. ഷാള്‍ പിന്നെ അണികള്‍ തന്നോളും. ഞാന്‍ അച്ചടി ഭാഷ സംസാരിക്കുന്നു എന്നത് ഒരു പോരായ്മയായി എതിരാളികള്‍ വല്ലാതെ പ്രചരിപ്പിക്കും എന്ന് എന്റെ സുഹൃത്ത് രാജപ്പന്‍ ഇന്നലെ കൂടി മുന്നറിയിപ്പ് തന്നിരുന്നു. അവന്‍ കൊള്ളാം. അവനെ എന്റെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആക്കിയാലോ എന്ന് ഞാന്‍ ആലോചിക്കുന്നുണ്ട്. അപ്പൊ പറഞ്ഞു വന്നത് അച്ചടി ഭാഷ. “പ്രസിടന്റായി കഴിഞ്ഞാല്‍ പിന്നെ കോഴികോട്ടും തിരുവനന്തപുരത്തും ഒക്കെ പോയി മേപ്പയൂര്‍ ഭാഷയില്‍ “വന്നിക്കി”  “പോയിക്കി”  “കണ്ടിക്കി”  എന്നൊക്കെ പറഞ്ഞാ കാര്യം നടക്കുമോ? ” ഇതായിരിക്കും എന്റെ ലാ പായിന്റ്. രാജപ്പനാണ് ഇതും പറഞ്ഞു തന്നത്. പയ്യന്‍ കൊള്ളാം ല്ലേ.
നമ്മുടെ സ്വന്തം കളിയായ കുട്ടിയും കോലും പ്രോത്സാഹിപ്പിക്കാന്‍ എല്ലാ പരിശ്രമങ്ങളും നടത്തും. നമ്മുടെ ചില ടീംസ് ഒക്കെ ഉണ്ട്. അവരെയെല്ലാം നിര്‍ബന്ധിച്ചാല്‍ ഒരു ആര്‍ട്സ്‌ ആന്‍ഡ്‌ സ്പോര്‍ട്സ്‌ ക്ലബ്‌ തുടങ്ങാവുന്നത്തെ ഉള്ളൂ. ഞാന്‍ ഒരു പാവപ്പെട്ടവന്‍ അല്ലെ , അത് കൊണ്ട് ചില്ലറ ഏകോപനവും ‘ബ്ലെസിംഗും’ ഒക്കെയായി അങ്ങനെ നില്‍ക്കും. അല്ലാതെ നമ്മുടെ കയ്യില്‍ എവിടുന്നു കാശ്?
അങ്ങനെ നമ്മുടെ ക്ലബ്‌ വന്നാല്‍ പിന്നെ വികസനം വയരിളക്കം പോലെ വരും. പിടിച്ചാല്‍ കിട്ടില്ല.
പുറം രാജ്യത്തൊക്കെ കറങ്ങി നടന്ന തനിക്കെന്താടോ ഇപ്പൊ മേപ്പയൂരിനോട് ഒരു സ്നേഹം എന്നൊക്കെ ചില ദോഷൈകദൃക്കുകള്‍ ചോദിക്കും. അതറിയാം. അപ്പൊ ലവന്മാര്‍ക്ക് ഞാന്‍ എന്റെ ചില ബ്ലോഗുകള്‍ കാണിച്ചു കൊടുക്കും. ഇത്രേം വല്യ എഴുത്തുകാരനാണെന്ന് അവരും അറിയട്ടെന്ന്. പക്ഷെ ഇതെല്ലം നടക്കണമെങ്കില്‍ കുറെ ന്യൂ ഇന്ത്യന്‍സിനെ സംഘടിപ്പിക്കണം. ഇനി നമ്മള്‍ അല്ലറ ചില്ലറ നീക്കുപോക്കുകള്‍ ഒക്കെ ചെയ്താലും അതൊക്കെ അതിന്റെ ആ ഒരു സ്പിരിട്ടിലെടുക്കാന്‍ അറിയുന്നവന്മാരെ. എന്തൊക്കെയായാലും കുട്ടിയും കോലും വളര്ത്താനല്ലേ? അത് മനസ്സിലാവണമെങ്കില്‍  മിനിമം ഒരു എഞ്ചിനീയറിംഗ് കോളേജിന്റെ പടി  കടക്കണം. അതുമല്ലെങ്കില്‍ ഐ.ടി യില്‍ പണിയെടുക്കണം. ഏറ്റവും കുറഞ്ഞതു സായിപ്പിനെ കാണുമ്പോ കവാത് മറന്നു പോവുന്ന ആ മുട്ടിടി വേണം.
ഇതൊന്നുമില്ലാത്ത കണ്‍ട്രികള്‍ ഒരുപാടുള്ള നാടാണ് എന്നറിയാം. എന്നാലും നാട്ടിലെ മാന്യന്മാര്‍ നമ്മളെ എതിര്‍ക്കില്ല. സപ്പോര്‍ട്ട് ബിജിന്‍ ഡോട്ട് കോം എന്ന സൈറ്റ് ഇപ്പോഴേ ഉണ്ടാക്കി വെച്ചിട്ടുണ്ട്. ആവശ്യം വരുമ്പോ വാട്ടര്‍ഫാള്‍ മോഡല്‍ വേണോ എന്നൊക്കെ ആലോചിക്കാന്‍ സമയം ഉണ്ടാവില്ല. അത് കൊണ്ട് അതിന്റെ പണിയൊക്കെ ഇപ്പോഴേ തീര്‍ത്തു.
കൂതറ മലയാളീസിനെ പറ്റി ഓര്‍ക്കുമ്പോ തന്നെ ഒരിതാണ്. സിലിക്കന്‍ വാലിയിലെ സായിപ്പന്മാരോടു കാലിന്മേല്‍ കാല്‍ കയറി വെച്ച് വര്‍ത്തമാനം പറയുന്ന എന്നെ പോലെ  ഒരു പ്രസിഡന്റിനെ അവര്‍ ഡിസര്‍വ് ചെയുന്നില്ല എന്നതാണല്ലോ സത്യം. എന്നാലും അവര്‍ക്ക് വേണ്ടി എന്റെ വക ഒരു ഔദാര്യം. മത്സരിക്കാന്‍ തന്നെ തീരുമാനിച്ചു.
ഇതൊന്നും ആരോടും പറയരുത്‌ കേട്ടോ.. മരിച്ചവരോ, ജീവിച്ചിരിക്കുന്നവരോ ഇനി ജനിക്കനിരിക്കുന്നവരോ ആയ ആരെങ്കിലും ആയി ഈ കഥയ്ക്കോ കഥാപാത്രങ്ങള്‍ക്കോ യാതൊരു ബന്ധവുമില്ല. അങ്ങനെ തോന്നിയാല്‍ അതിനു ഞാന്‍ ഉത്തരവാദിയല്ല.